ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്കും ഭാര്യക്കുമെതിരെ ചുമത്തിയത് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് ദമ്പതികള്‍ക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഭിഭാഷകന്‍ അലിം അലവി. കോടതിയില്‍ ഹാജരാക്കിയ ദമ്പതികള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കയാണ്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആള്‍ക്കൂട്ടം ആരോപിച്ചതിനെ തുടര്‍ന്നാണ് ഞയാറാഴ്ച പ്രാര്‍ഥന നടത്തുകയായിരുന്ന ഇവരെ ഗാസിയാബാദില്‍ അറസ്റ്റ് ചെയ്തത്.
ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്റര്‍ സന്തോഷ് ജോണിനേയും ഭാര്യ ജിജയേയും വിട്ടയച്ചുവെങ്കിലും ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദമ്പതികള്‍ക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായു അടിസ്ഥാന രഹിതമാണെന്ന് അവരെ സഹായിക്കാന്‍ രംഗത്തുള്ള മീനാക്ഷി സിംഗ് പറഞ്ഞു.
ദമ്പതികള്‍ പ്രാര്‍ഥന നടത്തുന്നതിനിടെ ഗുണ്ടകളെത്തി മതപരിവര്‍ത്തന മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പോലീസിനെ വിളിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടപോയ ദമ്പതികളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെ അമ്പതോളം ആളുകള്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്യാനെത്തിയത്. ഗുണ്ടകളുടെ സമ്മര്‍ദത്തിന് പോലീസ് വഴങ്ങിയെന്നും ദമ്പതികളുടെ ഫോണും ലാപ് ടോപ്പും പിടിച്ചെടുത്തുവെന്നും ആക്ടിവിസ്റ്റ് മീനാക്ഷി സിംഗ് പറഞ്ഞു.
ഗാസിയാബാദ് സ്വദേശിയായ പ്രവീണ്‍ നാഗര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. 2020ലെ മതപരിവര്‍ത്തന നിരോധ നിയമപ്രകാരമാണ് കേസ്.
ദമ്പതികള്‍ക്കുവേണ്ടി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കയാണ് അഭിഭാഷകന്‍. പാര്‍ഥന തടസ്സപ്പെടുത്തിയ ബജ്‌റംഗ് ദളുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അഭിഭാഷന്‍ അലിം അലവി പറഞ്ഞു.
അതിനിടെ, സമ്മര്‍ദത്തിനു വഴങ്ങിയാണ് അറസ്റ്റ് ചെയ്തതെന്ന ആരോപണം നിഷേധിച്ച പോലീസ് വ്യക്തമായ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)