Sorry, you need to enable JavaScript to visit this website.

പോലീസ് പിടിച്ചില്ല, ഇസ്രായിലില്‍നിന്ന് മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ബിജു

കോഴിക്കോട്- ഇസ്രായിലില്‍നിന്ന് സ്വമേധയാ മടങ്ങിയതാണെന്നും പോലീസോ മറ്റ് ഏജന്‍സികളോ ഇടപെട്ടില്ലെന്നും ഇരിട്ടി സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്‍. ഇന്നു പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ബിജു കുര്യന്‍, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രായിലിലേക്കു പോയ ബിജു കുര്യന്‍ മുങ്ങിയത് വലിയ വിവാദമായിരുന്നു.  ഇതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളില്‍ എല്ലാവരോടും അദ്ദേഹം ക്ഷമ ചോദിച്ചു.  ഇസ്രായിലില്‍ തന്നെ അന്വേഷിച്ച് പോലീസുള്‍പ്പെടെ ഒരു ഏജന്‍സിയും വന്നിരുന്നില്ലെന്നു ബിജു കുര്യന്‍ വിശദീകരിച്ചു. മേയ് എട്ടു വരെ കാലാവധിയുള്ള വിസ തന്റെ കൈവശമുള്ളതിനാല്‍ എതുവഴിയും മടങ്ങാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
കൃഷിപഠനവുമായി ബന്ധപ്പെട്ടാണ് ഇസ്രായിലിലേക്കു പോയത്. ഇവിടെനിന്ന് ഏതാണ്ട് 27 പേരാണ് പോയത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഫീല്‍ഡ് സന്ദര്‍ശനവും മറ്റുമായിരുന്നു. അവിടുത്തെ കൃഷിരീതികളെക്കുറിച്ച് ഒത്തിരി കാര്യങ്ങള്‍ നമുക്കു പഠിക്കാനും മനസ്സിലാക്കാനുമുള്ളതാണ്. കേരളം പോലുള്ള സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ അവിടെയുണ്ട്. ഉദാഹരണത്തിന് ഇവിടെ അഞ്ച് ഏക്കര്‍ ഓറഞ്ച് തോട്ടത്തില്‍നിന്നു ലഭിക്കുന്ന ആദായം അവിടെ ഒരു ഏക്കറില്‍ താഴെ സ്ഥലത്തുനിന്ന് അവര്‍ക്കു ലഭിക്കുന്നുണ്ട്. അത്രയ്ക്ക് ശാസ്ത്രീയമാണ് അവിടത്തെ രീതികള്‍.
സന്ദര്‍ശനത്തിനു ശേഷം 19ന്  ഞായറാഴ്ചയാണ് മടങ്ങേണ്ടിയിരുന്നത്.  ഇസ്രായിലില്‍ എത്തിയ നിലയ്ക്ക് മടങ്ങുന്നതിനു മുന്‍പ് പുണ്യസ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാമെന്നത് ഞാന്‍ തീരുമാനിച്ച കാര്യമാണ്. അതുകൊണ്ട് ജറുസലം ദേവാലയം സന്ദര്‍ശിക്കാനായി പോയി. അതിന്റെ തൊട്ടു പിറ്റേ ദിവസം ബത്‌ലഹേമിലേക്കും പോയി. തിരിച്ചുവരേണ്ട സമയമായപ്പോഴേക്കും ആകെ പ്രശ്‌നമായതായി അറിഞ്ഞു. തീര്‍ത്തും മോശമായ രീതിയില്‍ പലതും പ്രചരിച്ചതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ വന്നു.
എല്ലാം കേട്ട് ആകെ വിഷമമായതുകൊണ്ട് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനായില്ല. അതുകൊണ്ട് അന്നും അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിളിച്ച് ഞാന്‍ സുരക്ഷിതനായി ഇവിടെയുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്തിക്കോളാമെന്നും പറഞ്ഞു. അതിനുശേഷം എന്റെ സഹോദരനുമായി ബന്ധപ്പെട്ടു. ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും എന്തു സഹായവും ചെയ്തു തരാമെന്നും സഹോദരന്‍ പറഞ്ഞു. മറ്റാരുടെയോ സഹായത്തോടുകൂടി സഹോദരനാണ് ഇവിടേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തുതന്നത്. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ തിരിച്ചെത്തിയത്-ബിജു കുര്യന്‍ പറഞ്ഞു.

 

Latest News