ബെംഗളൂരു - രോഗാവസ്ഥ മൂർഛിച്ചതിന് പിന്നാലെ, ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ ബാംഗ്ലൂരിൽ കഴിയുന്ന മഅ്ദനി, തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നിലവിലുള്ള ജാമ്യത്തിൽ ഇളവ് നൽകി, നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ബെംഗളുരു വിട്ട് പുറത്തുപോകരുതെന്നതാണ് മഅ്ദനിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ടാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച മുൻ ഹരജി പിൻവലിച്ചാണ് സുപ്രിംകോടതിയെ സമീപിക്കുകയെന്നാണ് വിവരം.
പക്ഷാഘാത ലക്ഷണങ്ങളുണ്ടെന്നും ഇതിനായി ബെംഗളുരുവിലെ ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നിർദേശിച്ചതായും മഅദ്‌നി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് പറ്റിയതല്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് മഅദ്‌നിയുടെ ആവശ്യം. എന്നാൽ ഇതോടുള്ള കോടതിയുടെയും പ്രോസിക്യൂഷന്റെയും സമീപനം എന്തായിരിക്കുമെന്ന് പറയാവതല്ല.
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി നീതിക്കു വേണ്ടി കേഴുമ്പോഴും ആശങ്കാജനകമായി തുടരുകയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി. സംഘപരിവാർ കേന്ദ്രങ്ങളാൽ വേട്ടയാടപ്പെടുന്ന മഅ്ദനിയുടെ ജീവൻ അപകടത്തിലാണെന്നും മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ചികിത്സാ സംബന്ധമായ ആവശ്യത്തോട് നീതി പുലർത്താൻ സാധിക്കണമെന്നും, ജീവൻ വച്ച് ഇനിയും കളിക്കരുതെന്നുമുള്ള ആവശ്യത്തോട് തീർത്തും മാനുഷികമായ പരിഗണന നൽകാൻ കോടതി തയ്യാറാകുമോ എന്നതും കണ്ടറിയണം. കോടതി നീതിപൂർവ്വമായൊരു സമീപനം സ്വീകരിച്ചില്ലെങ്കിൽ കൊടും ദുരന്തമായിരിക്കും അതിന്റെ പര്യവസാനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മൂന്നാഴ്ച മുമ്പ് പക്ഷാഘാത ലക്ഷണത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാൽ മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനയിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ ശസ്ത്രക്രിയ വേണമെന്നും നിർദേശിച്ചിരുന്നു. തുടർന്ന് കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റൽ, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലേയും വിദഗ്ദ ഡോക്ടർമാരുടെയും നിർദേശങ്ങൾ തേടിയിരുന്നു. എല്ലാവരും മഅ്ദനിയെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയിലെ ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതിയിൽ ശസ്ത്രക്രിയ അതീവ സങ്കീര്ണമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്.
സർജറിക്കും അതിന് മുമ്പുള്ള പരിശോധനകൾക്കുമായി നൽകുന്ന ഡൈ ഇൻജക്ഷനുകൾ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമത കുറവായ കിഡ്‌നിയെ നിശ്ചലമാക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഭീതിയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കമാരംഭിച്ചത്. ദീർഘകാലമായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്‌നിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നു തന്നെ തുടരുന്ന സാഹചര്യത്തിൽ ദിവസത്തിലെ മുഴുവൻ സമയവും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാവുകയും ചെയ്യുന്നുണ്ട്.
ഒമ്പത് മാസം മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ ഇപ്പോഴത് കൂടുതൽ ബാധിച്ചതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകൾക്ക് സംഭവിച്ച ബലക്ഷയം നിമിത്തം ഡോക്ടർമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സകൾ വേണ്ടത്ര ഫലപ്രദമാകാത്ത സ്ഥിതിയും ഭയപ്പെടുത്തുന്നതാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചനകൾ. ആയതിനാൽ ഇന്ത്യയുടെ പരമോന്ന നീതിപീഠത്തിൽനിന്നും ചികിത്സയ്ക്കായി മഅ്ദനി ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മനുഷ്യത്വപരമായ ഇടപെടൽ പ്രതീക്ഷിക്കുകയാണ് നീതിബോധമുള്ള മനുഷ്യരെല്ലാം.