കൊച്ചി- മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം മോഷണമാണെന്ന ആരോപണവുമായി തമിഴ് സംവിധായക. തന്റെ ചിത്രമായ ഏലേയുടെ പകര്‍പ്പാണ് നന്‍പകലെന്ന് തമിഴ് സംവിധായിക ഹലിതാ ഷീം ആരോപിച്ചു.
വിവിധ ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടയില്‍ കൂടി റിലീസ് ചെയ്തിരിക്കെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത്.
ഒരു സിനിമയുടെ എല്ലാ സൗന്ദര്യാത്മകതയും അതേപടി മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചത് എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഏലേയില്‍ താന്‍ കണ്ടതും ചേര്‍ത്തതുമായ എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടു എന്ന വസ്തുത അല്‍പ്പം തളര്‍ത്തുന്നതാണെന്നും അവര്‍ കുറിച്ചു.
'ഐസ് വില്പനക്കാരന്‍ പാല്‍ക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. മോര്‍ച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയതുപോലെ ഇവിടെ മിനി ബസിന് പിറകേ സെവലൈ ഓടുന്നു. ഏലേയില്‍ ഞാന്‍ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനന്‍. അദ്ദേഹം മമ്മൂട്ടിക്കൊപ്പം പാടുന്നു. ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു.
കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. തനിക്കുവേണ്ടി താന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന തന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹലിതാ ഷമീം കുറിപ്പ് അവസാനിപ്പിക്കുന്നത്. ആരോപണത്തിനു പിന്നാലെ നിരവധി പേര്‍ സംവിധായികയെ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)