Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; ഈ വര്‍ഷം ഇരട്ടിയാകും

ന്യൂദല്‍ഹി- സൗദി അറേബ്യയിലേക്ക് ഇന്ത്യക്കാര്‍ ഒഴുകുകയാണെന്നും ഈ വര്‍ഷം വിസിറ്റര്‍മാരുടെ എണ്ണം ഇരട്ടിയാകുമെന്നും ഇന്ത്യയില്‍ ട്രാവല്‍ രംഗത്തുള്ള പ്രമുഖര്‍ കണക്കാക്കുന്നു. സൗദി അറേബ്യ വിസ അനുവദിക്കുന്നതില്‍ വരുത്തിയ പുതിയ ഇളവുകളും സന്ദര്‍ശകരുടെ ഒഴുക്കിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് സൗദി അറേബ്യയുടെ പ്രധാന ടൂറിസം ഉറവിട വിപണിയായി ഇന്ത്യ ഉയര്‍ന്നുവന്നിരിക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ പുതിയ യാത്രാ കേന്ദ്രങ്ങള്‍ വികസിപ്പിച്ചുവരികയാണ്.  അതുകൊണ്ടുതന്നെ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് സൗദി ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നത്.
സൗദി ടൂറിസം അതോറിറ്റി ഇന്ത്യയില്‍ പ്രൊമോഷന്‍ പരിപാടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. റോഡ്‌ഷോകളും രാജ്യത്തുടനീളമുള്ള ട്രാവല്‍, ട്രേഡ് ഇവന്റുകളിലെ പങ്കാളിത്തവും ഉള്‍പ്പെടെ നിരവധി പ്രൊമോഷന്‍ പ്രോഗ്രാമുകളുടെ  പരമ്പര തന്നെ സൗദി ടൂറിസം  ഇന്ത്യയില്‍ നടത്തി. രാജ്യത്തെ സ്‌പോര്‍ട്‌സ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി ലോകത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ടി20 ക്രിക്കറ്റ് കണക്കിലെടുത്ത്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി  പങ്കാളിത്ത കരാറും ഇത് ഒപ്പുവച്ചു.
2023ല്‍ ഇരുപത് ലക്ഷത്തിലധികം ഇന്ത്യന്‍ സന്ദര്‍ശകരെയാണ് ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നത്.
2030ഓടെ പ്രതിവര്‍ഷം ആഗോള തലത്തില്‍ 100 ദശലക്ഷം സന്ദര്‍ശകരെയാണ് സൗദി പ്രതീക്ഷിക്കുന്നത്. അപ്പോഴേക്കും സൗദിയുടെ ഏറ്റവും വലിയ ടൂറിസം ഉറവിട വിപണികളിലൊന്നായി ഇന്ത്യ മാറുമെന്ന് കണക്കാക്കിയാണ് പ്രൊമോഷന്‍ പരിപാടികളും ഊര്‍ജിതമാക്കയിരിക്കുന്നത്.
2,500 അംഗങ്ങളുള്ള, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി.എ.എ.ഐ)  സൗദി ടൂറിസം അതോറ്റിയുമായി സഹകരണ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.  
സൗദി മനോഹരമായ സ്ഥലമാണെന്നും അവിടേക്കുള്ള സൗദി ടൂറിസം വര്‍ദ്ധിപ്പിക്കുമെന്നും ടി.എ.എ.ഐ പ്രസിഡന്റ് ജ്യോതി മായല്‍ അറബ് ന്യൂസിനോട് പറഞ്ഞു. സൗദിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ സ്ഥലങ്ങള്‍ വികസിപ്പിക്കുന്നത് ഈ ദൗത്യം വിജയിക്കാന്‍ സഹായകമാകുമെന്നും  അവര്‍ പറഞ്ഞു.
ആളുകള്‍ എപ്പോഴും പുതിയ ലക്ഷ്യസ്ഥാനങ്ങളാണ് തേടിക്കൊണ്ടിരിക്കുന്നത്. പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അതാണ് സൗദി ചെയ്യുന്നതെന്നും ജ്യോതി മായല്‍ പറഞ്ഞു.

 

Latest News