Sorry, you need to enable JavaScript to visit this website.

സൗദി വിസ പുതുക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണം; ബഹ്‌റൈന്‍ വിസാരീതിയില്‍ മാറ്റം

സൗദിയിലെ സന്ദര്‍ശക വിസക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് പോകണമെങ്കില്‍ ഇനി മള്‍ട്ടിപ്പിള്‍  വിസ മാത്രം

റിയാദ്‌-സൗദി അറേബ്യയടക്കം ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ബഹ്‌റൈനിലേക്ക് പോകണമെങ്കില്‍ മള്‍ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയെടുക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം. 16 ബഹ്‌റൈന്‍ ദിനാര്‍ ഫീസ് നല്‍കേണ്ട ഈ വിസയില്‍ 14 ദിവസം താമസിക്കാനും ഒരു മാസത്തിനിടെ നിരവധി തവണ പോയിവരാനും അനുമതിയുണ്ട്.
ഒമ്പത് ദിനാര്‍ ഫീസുള്ള സിംഗിള്‍ എന്‍ട്രി വിസയായിരുന്നു സൗദി വിസ പുതുക്കുന്നതിനായി ഇതുവരെ ഓണ്‍ലൈനില്‍ എടുത്തിരുന്നത്. അടുത്തിടെയാണ് ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്.
ബഹ്‌റൈനിലേക്ക് പ്രവേശിക്കാന്‍ ഓണ്‍ലൈന്‍ വഴി വിസയെടുക്കുമ്പോള്‍ സന്ദര്‍ശക വിസക്കാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ. ഒമ്പത് ദിനാറില്‍ നിന്ന് 16 ദീനാറാക്കി ഫീ വര്‍ധിപ്പിക്കുകയും ചെയ്തു.
സൗദിയില്‍ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരായ കുടുംബങ്ങള്‍ ബഹ്‌റൈനിലോ ജോര്‍ദാനിലോ പോയാണ് ഇപ്പോള്‍ വിസ പുതുക്കുന്നത്. ജോര്‍ദാനിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ പ്രത്യേകമായെടുക്കേണ്ടതില്ല. ഓണ്‍ അറൈവല്‍ വിസ ലഭിക്കും. എന്നാല്‍ ബഹ്‌റൈനിലേക്ക് നേരത്തെ തന്നെ വിസയെടുക്കണം. ബഹ്‌റൈന്‍ ഇലക്ട്രോണിക് വിസ സര്‍വീസ് വെബ്‌സൈറ്റ് വഴിയോ ബഹ്‌റൈനിലെ ഓഫീസുകള്‍ വഴിയോ ആണ് വിസയെടുക്കേണ്ടത്. ബഹ്‌റൈന്‍ ഓഫീസുകള്‍ വഴി ഇപ്പോഴും സിംഗിള്‍ വിസ ലഭിക്കുന്നുണ്ട്. ബഹ്‌റൈന്‍ ഇലക്ട്രോണിക് വിസ സര്‍വീസ് വെബ്‌സൈറ്റില്‍ ഇതുവരെ ജിസിസി റെസിഡന്റ് വിസയുള്ളവര്‍, അല്ലാത്തവര്‍ എന്ന രണ്ടു വിഭാഗങ്ങള്‍ക്കായിരുന്നു ബഹ്‌റൈന്‍ സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. സൗദി അറേബ്യയിലെ സന്ദര്‍ശകവിസക്കാരും ഓണ്‍ലൈനില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ അല്ലാത്തവര്‍ എന്നതായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ റെസിഡന്റ് വിസ അല്ലെങ്കില്‍ ജിസിസി വിസിറ്റര്‍, ഇത് രണ്ടുമല്ലാത്തവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജിസിസി വിസിറ്റര്‍ക്ക്  ഒരു മാസത്തെ മള്‍ട്ടിപ്പിള്‍ വിസ മാത്രമേ ലഭിക്കുകയുളളൂ. പാസ്‌പോര്‍ട്ട് കോപ്പി, ആയിരം ഡോളര്‍ മിനിമം ബാലന്‍സുള്ള ബ്ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ നേരത്തെ പോലെ സമര്‍പ്പിക്കണം. വൈകാതെ വിസ ഇമെയിലിലെത്തും. എന്നാല്‍ വിസ നിയമം മാറിയതറിയാതെ പഴയ രീതിയില്‍ അപേക്ഷിക്കുന്നുണ്ട്. ഇവരുടെ അപേക്ഷ നിരസിക്കപ്പെടുകയാണ്. അപേക്ഷ ചാര്‍ജ് ആയ നാലു ബഹ്‌റൈന്‍ ദിനാര്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. സൗദി സന്ദര്‍ശക വിസയുള്ളവര്‍ വിസ പുതുക്കാനോ മറ്റോ ബഹ്‌റൈനിലേക്ക് വരുമ്പോള്‍ ഓണ്‍ലൈനില്‍ വിസയെടുക്കുകയാണെങ്കില്‍ ജിസിസി വിസിറ്റര്‍ മള്‍ട്ടിപ്പിള്‍ വിസയാണ് എടുക്കേണ്ടതെന്നും അല്ലെങ്കില്‍ വിസ ലഭിക്കില്ലെന്നും ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News