ന്യൂദല്‍ഹി- രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ആറു പേര്‍ അറസ്റ്റില്‍. ഏഴു സംസ്ഥാനങ്ങളിലും ദല്‍ഹിയിലുമായി 76 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഖലിസ്ഥാന്‍ ഭീകരരുടെ പട്ടികയിലുള്ള, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ഷദീപ് സിംഗ് ഗില്ലെന്ന അര്‍ഷ് ദല്ലയുടെ അടുത്ത അനുയായി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതായി എന്‍ഐഎ അറിയിച്ചു. പാകിസ്താന്‍, കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് കടത്തുന്നവര്‍, തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവരെ ലക്ഷ്യം വച്ചായിരുന്നു റെയ്ഡ്.
അര്‍ഷ് ദല്ലയുമായി അടുത്ത ബന്ധമുള്ള ലക്കി ഖോഖര്‍, ലഖ്വീര്‍ സിങ്, ഹര്‍പ്രീത്, ദലിപ് ബിഷ്ണോയ്, സുരേന്ദ്ര ചൗധരി, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഹരി ഓമും ലഖ്വീറും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതായി എന്‍ ഐ എ ആരോപിച്ചു. പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നതിനായി കുറ്റകൃത്യങ്ങള്‍ പരസ്യമാക്കാനും സാമൂഹ മാധ്യമങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. കുപ്രസിദ്ധ കുറ്റവാളിയും ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ഛോട്ടു റാം ഭട്ടിന്റെ കൂട്ടാളിയുമായ ലഖ്വീറിന്റെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിവിധ ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളുമായി ചേര്‍ന്ന് പുറം രാജ്യങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു.
എന്‍ഐഎ പഞ്ചാബ്, ദല്‍ഹി, ഹരിയാന, യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആയുധ വിതരണക്കാരെയും ഹവാല ഇടപാടുകാരെയും കേന്ദ്രീകരിച്ചുള്ള റെയ്ഡുകളില്‍ അനധികൃതമായി ശേഖരിച്ച ആയുധങ്ങളും 2.5 കോടി രൂപയും കണ്ടെടുത്തു. രേഖകളും ഹാര്‍ഡ് ഡ്രൈവുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് മുതല്‍ മൂന്ന് കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചില കബഡി താരങ്ങളെ ഉള്‍പ്പെടെ നിരവധി പേരെര്‍ തീവ്രവാദത്തിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെട്ടതായി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ബിസിനസുകാരെയും പ്രൊഫഷണലുകളെയും ലക്ഷ്യം വച്ചുള്ള കൊള്ളയടിക്കലുകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു.
അര്‍ഷ് ദല്ലയ്ക്കായി ഇന്ത്യയുടെ ആയുധങ്ങള്‍, വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍, ഐഇഡികള്‍ തുടങ്ങിയവ കടത്തുന്നതിനായി ലക്കി ഖോഖര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് ഉള്‍പ്പെടെ നിരവധി ഖലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം കടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു.
ഇന്ത്യയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിരവധി ക്രിമിനലുകള്‍ പാകിസ്ഥാന്‍, കാനഡ, മലേഷ്യ, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി എന്‍ഐഎ അറിയിച്ചു. ഇവര്‍ പുറം രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തിയതായും എന്‍ഐഎ വ്യക്തമാക്കുന്നു.