അഹമ്മദാബാദ് : മകന് ഓടിച്ച ബൈക്കില്‍ നിന്ന് തെറിച്ചു വീണതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ വണ്ടി ഓടിച്ചതിന് കേസെടുക്കണെന്നാവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്കി. ഗുജറാത്തിലെ നദിയാദ് നഗരത്തിലാണ് സംഭവം നടന്നത്. 58 കാരിയായ മീന പട്ടേല്‍ എന്ന വിധവയായ സ്ത്രീയാണ് മകനെതിരെ പരാതി നല്‍കിയത്. മകന്റെ ബൈക്കിന് പിന്നിലിരുന്ന് അഹമ്മദാബാദില്‍ നിന്ന് നദിയാദിലേക്ക് പോകുന്നതിനിടെ ഇവര്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണിരുന്നു. ഇതിനെ തുടര്‍ന്നാണ് മകനെതിരെ പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലെത്തിയത്.
നദിയാദിലെ ദേഗാം പട്ടേല്‍ ഫലിയയിലാണ് മീന താമസിക്കുന്നത്. തന്റെ മകന് ആനന്ദ് അമിത വേഗതയില്‍ വാഹനമോടിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. വാസോ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ദാവ്ദയ്ക്കും ദേഗാമിനും ഇടയിലുള്ള റോഡില്‍ വെച്ചാണ് മീന പട്ടേല്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണത്. വീഴ്ചയില്‍ തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് നദിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പ് തന്റെ ഭര്‍ത്താവ് മരിച്ച മീന മകന് ആനന്ദിനൊപ്പമാണ് താമസിക്കുന്നതെന്നും അവര്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. അമിത വേഗതിയില്‍ ബൈക്കോടിക്കുന്ന മകനെ പാഠം പഠിപ്പിക്കാനാണ് അമ്മ പരാതി നല്‍കിയത്. മീനയ്ക്ക് നദിയാദില്‍ ഒരാളെ കാണാനുണ്ടായിരുന്നു, അതിനാല്‍ മകനോട് അവിടെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സുഹൃത്തിന്റെ ബൈക്കിലാണ് പോയത്. മകന് അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്നും മകന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അമ്മയുടെ പരാതിയില്‍ വാസോ പോലീസ് ആനന്ദ് പട്ടേലിനെതിരെ കേസെടുത്ത് തുടര്‍ നടപടി സ്വീകരിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)