ജിദ്ദ- ഗാർഹിക പീഡന പരാതി നൽകിയ പ്രതികാരത്തിന് ഭാര്യയായ സ്‌കൂൾ അധ്യാപികയെ വധിച്ച കേസിൽ പിതാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ മക്കളും.
കഴിഞ്ഞ ദിവസം ജിദ്ദ ക്രിമിനൽ കോടതിയിൽ നടന്ന കേസ് വിസ്താരത്തിലാണ് അധ്യാപികയുടെയും പ്രതിയുടെയും കുട്ടികൾ ഖിസാസ് (സ്വകാര്യ അവകാശത്തിനു പകരമായുള്ള) വധ ശിക്ഷയെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി വക്കീലുമാർ മുഖേന കോടതിയെ അറിയിച്ചത്.
രണ്ടാഴ്ച മുമ്പ് അധ്യാപികയുടെ സഹോദരന്റെയും പിതാവിന്റെയും വിസ്താര വേളയിലും വധശിക്ഷ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി അവരും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അധ്യാപികയുടെ അനന്തരാവകാശികൾ പ്രതിയുടെ കൂടി മക്കളാണെന്ന കാര്യവും കുട്ടികളുടെ ഭാവി ജീവിതത്തെയും മാനസികാരോഗ്യത്തെയും പിതാവിന്റെ വധം ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കളുടെ വക്കീലിന്റെ ആവശ്യത്തെ പ്രതി ഭാഗം വക്കീൽ എതിർത്തു.
വിചാരണയുടെ മൂന്നാം സിറ്റിംഗിൽ കേസ് വിസ്താരത്തിന് പ്രതിയും വക്കീലും അധ്യാപികയുടെ അവകാശികളുടെ വക്കീലും ഹാജരായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നാലു കുട്ടികളുടെ മാതാവായ അധ്യാപികയുടെ ദാരുണമായ കൊലപാതകം ജിദ്ദയിലെ വസതിയിൽ നടന്നത്. ഇരുവർക്കുമിടയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രതി ഭാര്യയെ മർദിച്ചിരുന്നു. ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി നൽകി സ്‌കൂളിലേക്കു പുറപ്പെടുകയും ചെയ്തു.
പോലീസ് സ്‌റ്റേഷനിൽ നിന്നും ഹാജരാകാനുള്ള എസ്.എം.എസ് ലഭിച്ച പ്രതി സ്‌കൂളിൽ നിന്നു തിരിച്ചെത്തിയ ഭാര്യയെ തന്ത്രത്തിൽ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി വാതിലടച്ച് കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ശേഷം നടന്ന വിചാരണയുടെ ആദ്യ സിറ്റിംഗിൽ തന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.