തിരുവനന്തപുരം : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് അജ്ഞതയുടെ ദുര്‍ഗന്ധമാണെന്നും മുത്തലാഖിനെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. മുത്തലാഖ് സ്ത്രീകള്‍ക്കെതിരായ അനീതിയാണ്, അത് സിവില്‍ തര്‍ക്കമല്ല. ഇത് ഇസ്ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് സി പി എം പ്രതിരോധ ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കിമ്പോഴാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. എല്ലാ മതങ്ങളിലും വിവാഹമോചനം നടക്കുന്നുണ്ട്. മറ്റുള്ളവയെല്ലാം സിവില്‍ കേസുകളായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇത് മുസ്ലീങ്ങള്‍ക്ക് മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെന്നും വിവാഹമോചനം നടത്തുന്ന ഒരാള്‍ മുസ്ലീമാണെങ്കില്‍, അയാളെ ജയിലില്‍ അയയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എണ്‍പതുകളുടെ മധ്യത്തില്‍ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസില്‍ കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയ കാര്യം ഗവര്‍ണ്ണര്‍ വെളിപ്പെടുത്തി. മുത്തലാഖിന്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്, അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണെന്നും ഗവര്‍ണ്ണര്‍ അഭിമുഖത്തില്‍ ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)