തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാസഹായം അനുവദിക്കുന്നതിൽ ഗുരുതര ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. അപേക്ഷിക്കാത്തവരുടെ പേരിലും ഫണ്ട് നൽകി. തട്ടിപ്പ് നടത്തുന്നത് ഏജന്റുമാരും ഡോക്ടർമാരും ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘം. സമ്പന്നരായ വിദേശ മലയാളികൾക്കും ചികിത്സാ സഹായം നൽകി. ഒരു ഡോക്ടർ മാത്രം നൽകിയത് 1500 ൽ അധികം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ. ഇത്തരത്തിൽ ഗുരുതര ക്രമക്കേടുകളാണ് കലക്ടറേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഏജന്റുമാർ ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ മുതൽ 14 കലക്ടറേറ്റുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ തുക അനുവദിച്ചതായി കണ്ടെത്തി. കരൾ രോഗിയുടെ അപേക്ഷയിൽ ഹൃദയസംബന്ധമായ രോഗമാണെന്ന സർട്ടിഫിക്കറ്റിലാണ് പണം അനുവദിച്ചത്. കൊല്ലത്ത് 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടർതന്നെ നൽകിയതാണ്. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകി. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. മാത്രമല്ല ഒരുവീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ ഒരു ഡോക്ടർ രണ്ടു ദിവസങ്ങളിലായി നൽകി. ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്തവർക്കും വരെ തുക അനുവദിച്ചു.
കോട്ടയം മുണ്ടക്കയത്ത് ഒരാൾക്ക് 2017 ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റിൽ നിന്നും 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കിയിൽ നിന്നും 10,000 രൂപയും അനുവദിച്ചു. ഇതേ ആൾക്ക് തന്നെ 2020 ൽ കോട്ടയത്ത് ക്യാൻസറിന് 10,000 രൂപയും നൽകി. ഇതിലേയ്‌ക്കെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്. ജോർജ്ജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയാളല്ല അപേക്ഷ സമർപ്പിച്ചതെന്നും വിജിലൻസ് കണ്ടെത്തി.
ഇടുക്കിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവിവരങ്ങളും വെട്ടിത്തിരുത്തിയത് നിരവധി തവണയാണ്. മറ്റൊരപേക്ഷയോടൊപ്പമുള്ളത് ഏജന്റിന്റെ ഫോൺ നമ്പറാണെന്നും വിജിലൻസ് കണ്ടെത്തി. എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായം അനുവദിച്ചു. ഒരാൾക്ക് 3,00,000 രൂപയും മറ്റൊരാൾക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. മലപ്പുറം നിലമ്പൂരിൽ ചെലവായ തുക രേഖപ്പെടുത്താത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകളിലും ഫണ്ട് അനുവദിച്ചു. സ്‌പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. പാലക്കാട് പരിശോധിച്ച 15 അപേക്ഷകളിലെ 5 എണ്ണത്തിൽ ഹൃദയസംബന്ധമായ അസുഖത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ആയൂർവേദ ഡോക്ടറാണ്. ഈ അഞ്ച് അപേക്ഷകളും ഒരേ ഏജന്റ് മുഖേനയാണ് നൽകിയിരിക്കുന്നത്. കാസർകോട് രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കൈയ്യക്ഷരത്തിലുള്ളതാണ്. എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ അപേക്ഷയോടൊപ്പമുള്ള വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. ഏജന്റുമാരും ഉദ്യോഗസ്ഥരും കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)