മലപ്പുറം-നാദാപുരത്തെ കോളേജ് ശിലാസ്ഥാപനത്തിൽ പങ്കെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.ഐ.സി നേതാവ് അബ്ദുൽ ഹക്കീം ഫൈസി അദൃശേരി. രാജിവെച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.സിയുടെ വിവിധ പദവികളിൽനിന്ന് ഇതേവരെ 118 പേർ രാജിവെച്ചുവെന്നും തന്റെ രാജിയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജനറൽ ബോഡിയാണ്. സാദിഖലി തങ്ങൾക്ക് രാജി നൽകിയത് അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ്. അത് തങ്ങളോടുള്ള ബഹുമാനം കൊണ്ടു ചെയ്തതാണ്. ഇക്കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടത്. സമസ്ത ആദർശ പ്രസ്ഥാനമാണ്. സമസ്ത ഒരു സംഘമാണ്. അതിൽനിന്ന് ആരും പുറത്തുപോകില്ല. വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് കർമ്മ രംഗങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയുടെ അവകാശമാണ് വിദ്യാഭ്യാസം എന്നത്. ആ അവകാശത്തിന്റെ കാവലാളുകളാണ് ഞങ്ങൾ. അതിൽനിന്ന് വിട്ടുനിൽക്കില്ല. സമസ്തയിലെ ഒരു വിഭാഗം അസ്വസ്ഥത ഉണ്ടാക്കുകയാണ്. പണ്ഡിത സഭയിലെ നാൽപത് അംഗങ്ങളിലെ പണ്ഡിതൻമാർ ഇത്തരം സംഘടനാ കാര്യങ്ങളിൽ പാടവം ഉള്ളവരല്ല. എന്നാൽ ഒരു വിഭാഗം നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കി പണ്ഡിതൻമാരെ സമർദ്ദത്തിലാക്കുകയാണ്.
നാദാപുരത്തെ സി.ഐ.സിയുടെ സ്ഥാപനത്തിന്റെ പരിപാടിയിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറയുന്നത് എന്റെ വീട്ടിലെ കല്യാണത്തിൽ ഞാൻ ഉണ്ടാകില്ല എന്ന് പറയുന്നത് പോലെയല്ലേ. ആ പരിപാടിയിൽ ആളെ വിളിക്കേണ്ടതും ക്ഷണിക്കേണ്ടതും ഞാനാണ്. സയ്യിദ് സാദിഖലി തങ്ങൾക്ക് ഞാൻ അവിടെ ഉണ്ടാകരുത് എന്നുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞാൽ ഞാൻ അവിടെ ഉണ്ടാകുമായിരുന്നില്ല. ഞാൻ വിട്ടു നിൽക്കണം എന്ന നിർദ്ദേശം എനിക്ക് കിട്ടിയിട്ടില്ല. ഞാൻ തങ്ങളെ വഞ്ചിച്ചു എന്നത് എന്ത് അർത്ഥത്തിലാണ് പറയുന്നത്. ആളുകളെ ബഹിഷ്‌കരിക്കുക എന്ന് പറയുന്നത് അപരിഷ്‌കൃതമാണ്. മഗ്‌രിബിന് മറ്റൊരു പരിപാടി ഉണ്ട് എന്ന് പറഞ്ഞാണ് സാദിഖലി തങ്ങൾ പോയത്. തിരിച്ചുപോകുന്ന സമയത്ത് സാദിഖലി തങ്ങളുടെ കൈ മുത്തിയിരുന്നുവെന്നും അബ്ദുൽ ഹക്കീം ഫൈസി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാജിയിൽ സന്തോഷമില്ല. നന്മയിൽനിന്ന് രാജിവെക്കുന്നത് എങ്ങിനെയാണ്. എനിക്കെതിരെ കനത്ത ആരോപണങ്ങൾ ഉന്നയിച്ച് വലിയ കുറിപ്പുകൾ ഇറക്കി. എനിക്ക് പിന്നാലെ വലിയ സംഘടനയിലെ ചിലർ കൂടുന്നത് തികച്ചും ലജ്ജാകരമാണ്. ഞാൻ രാജിവെക്കുകയാണെങ്കിലും രാജി വെക്കേണ്ടി വന്നത് ഒരു നിലപാടാണ്. ഞങ്ങളുടെ മുന്നേറ്റത്തെ ഞങ്ങൾക്കുള്ളിൽനിന്ന് തന്നെ തടയുന്നതിന് എതിരെയാണ് രാജി. ഞാൻ വ്യക്തി എന്ന നിലയിൽ ഒന്നുമല്ല. ആളുകൾക്ക് സ്വീകരിക്കാൻ പറ്റിയ ഒന്നാണ് ഞങ്ങളുടെ പ്രവർത്തനം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്ന, പഴമയിൽ ഊന്നി നിൽക്കുന്ന നല്ല ഫലം സമ്മാനിക്കുന്ന ഒന്നാണ് വാഫി വഫിയ സംവിധാനം.
സി.ഐ.സി സംവിധാനത്തിൽനിന്ന് 118 പേർ രാജിവെക്കുന്നു. ഒരു യൂണിവേഴ്‌സിറ്റി ചെയ്യുന്ന ഒരു പ്രവർത്തനമാണ് നടത്തുന്നത്. സി.ഐ.സിയുടെ പ്രവർത്തനത്തെ രാജി എങ്ങിനെ ബാധിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. സി.ഐ.സിക്ക് പിന്നാലെ സൈക്കിൾ എടുത്തുന്ന സമയത്ത് തന്നെ ഇവരുടെ മക്കൾ ഇവിടെ പഠിക്കുന്നുണ്ട്. അവരുടെ മക്കളാണ് ഇതിന് ഉത്തരം പറയേണ്ടത്.
താൻ സമ്മർദ്ദത്തിലാണ് എന്ന് പലപ്പോഴും സാദിഖലി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സി.ഐ.സിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സാദിഖലി തങ്ങൾക്ക് സാധിക്കില്ല. കേരള മുസ്ലിംകളുടെ നേതാവാണ് അദ്ദേഹം. സാദിഖലി തങ്ങൾക്ക് ഈ പ്രതിസന്ധിയെ നേരിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം ജനറൽ ബോഡി വിളിക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകും എന്നാണ് വിചാരിക്കുന്നത്. രാജി നൽകിയത് സാദിഖലി തങ്ങൾക്കാണെങ്കിലും തീരുമാനം വരേണ്ടത് ജനറൽ ബോഡിയിലാണ്. അവിടെ ഇക്കാര്യം തീരുമാനിക്കും. സാദിഖലി തങ്ങൾക്ക് രാജികൊടുക്കുന്നതോടെ രാജി തീരുന്നില്ല. ജനറൽ ബോഡിയിലാണ് അത് പരിഗണിക്കേണ്ടത് എന്നാണ് പറഞ്ഞത്. സാദിഖലി തങ്ങൾ ആവശ്യപ്പെട്ടത് പരിഗണിച്ചത് അദ്ദേഹത്തോടുള്ള ആദരവുകൊണ്ടാണ്.
ചില വ്യക്തികളാണ് സി.ഐ.സിക്ക് പിന്നിൽ കൂടി തകർക്കാൻ ശ്രമിക്കുന്നത്. അവരുടെ പേര് പ്രത്യേകം എടുത്തു പറയുന്നില്ല. ഇല്ലായ്മയിൽനിന്നാണ് എല്ലാം ഉണ്ടായത്. ഇനിയും എല്ലാം ഉണ്ടാക്കാൻ കഴിയും. സി.ഐ.സി പ്രശ്‌നത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകില്ല. സമസ്ത ഞങ്ങളുടെ കുടുംബമാണ്. ഏകദേശം അരഡഡൻ കാര്യങ്ങൾ സമസ്തക്ക് മുന്നിൽ നേരത്തെ തന്നെ അടിയറവ് ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ വിവാഹം സംബന്ധിച്ച് സി.ഐ.സിയുടെ തീരുമാനം സമസ്തയുടെ ആവശ്യത്തിന് മുന്നിലാണ് സറണ്ടർ ചെയ്തത്. സമസ്തയിലെ ഒരു വിഭാഗത്തിന്റെ ടാർഗറ്റ് ഞാനല്ല. എന്നേക്കാൾ ലക്ഷ്യമിടുന്നത് കൂടെയുള്ളവരെയാണ്. ചില പഴഞ്ചൻ സമീപനങ്ങളുടെ പേരിൽ കാലത്തിനൊപ്പം സഞ്ചരിക്കേണ്ടതില്ലെന്ന് വിചാരിക്കുന്നവർ ഇതിനെതിരെ രംഗത്തുണ്ട്. പിറകോട്ടാണ് നമ്മൾ നയിക്കപ്പെടുന്നത്.
മുസ്്‌ലിം ലീഗിന് ഇക്കാര്യത്തിൽ വലിയ കാര്യമൊന്നുമില്ല. സാദിഖലി തങ്ങൾ ഇക്കാര്യത്തിൽ നിരവധി തവണ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടുണ്ട്. എന്റെ രാജിക്ക് മുസ്്‌ലിം ലീഗ് സമർദ്ദം ചെലുത്തിയിട്ടില്ല. ലീഗിലെ നിരവധി പേർ നേരിട്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. ആബിദ് ഹുസൈൻ തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇന്നലെ പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ ചർച്ചയിൽ ഉണ്ടായിരുന്നു. ഞാൻ രാജിവെക്കേണ്ടതാണ് എന്ന അഭിപ്രായം കുഞ്ഞാലിക്കുട്ടിക്കും ആബിദ് ഹുസൈൻ തങ്ങൾക്കും ഉണ്ടായിരിക്കും. എന്നാൽ എനിക്ക് അത് ഇല്ല.
ഈ പോരാട്ടത്തിൽനിന്ന് ഒരിക്കലും പുറത്തേക്ക് പോകില്ല. യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടുന്നത് ഇസ്ലാമിലെ വൻപാപങ്ങളിൽ ഒന്നാണ്. കുട്ടികളോടും രക്ഷിതാക്കളോടും വൻ ഉത്തരവാദിത്വമുണ്ട്. അത് നിർവഹിക്കും. മരണം വരെ അദ്ധ്വാനിക്കുമെന്നും ഹക്കീം ഫൈസി പറഞ്ഞു.