കൊച്ചി- ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്‌തോ പരിഹരിക്കണമെന്നും പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും ഹരീഷ് പേരടി. 'ബൂമറാങ്' സിനിമയുടെ പ്രമോഷന് പങ്കെടുക്കാതിരുന്ന നടി സംയുക്തയെ നടന്‍ ഷൈന്‍ ടോം ആക്ഷേപിച്ചിരുന്നു.
ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കേണ്ടത്. അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത, സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല. സംയുക്ത യുക്തിബോധമുള്ള പെണ്ണാവുമ്പോള്‍ ഷൈന്‍, ഷൈനിംഗില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു. ഷൈന്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേരടി പറഞ്ഞു.
'ബൂമറാങ്' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്തക്കെതിരെ ഷൈന്‍ രംഗത്തുവന്നത്. ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവര്‍ വന്നില്ല? ഷൈന്‍ ടോം ചോദിച്ചു. പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യമെന്നും ഷൈന്‍ ടോം പറഞ്ഞു.