കണ്ണൂർ-ആർ.എസ്.എസുമായി സി.പി.എം ചർച്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ അക്കാര്യം പാർട്ടി ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂരിലടക്കം നിലനിന്നിരുന്ന സംഘർഷം ഒഴിവാക്കാനായിരുന്നു ചർച്ച നടത്തിയത്. ഇരുപാർട്ടികളും തമ്മിൽ നടത്തിയ ഉഭയ കക്ഷി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായി. അതേസമയം, ആർ.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയെ മുസ്ലിം സമുദായം അംഗീകരിക്കുന്നില്ലെന്നും കോഴി കുറുക്കന്റെ അടുത്തു ചർച്ചയ്ക്കുപോയി എന്ന നിലയിലാണ് അവർ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ നിരവധി യോഗങ്ങൾ പാർട്ടി നടത്തിയിട്ടുണ്ട്. സർവകക്ഷി യോഗങ്ങളും ഉഭയകക്ഷി യോഗങ്ങളും അത്തരത്തിൽ നടത്തിയിട്ടുണ്ട്. കേരളത്തിലടക്കം സമാധാനമുണ്ടാക്കുക എന്നാണ് അതുവഴി ലക്ഷ്യമിട്ടത്. അതിൽ മറ്റു രഹസ്യങ്ങളില്ല. രഹസ്യയോഗങ്ങൾ നടത്തിയിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിന്റെ കണ്ണിൽ വർഗീയ വാദികളായത് എ.കെ.ജി സെന്ററിൽനിന്ന് അവർ ഇറങ്ങിപ്പോയതു മുതലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 42 വർഷം ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിർത്തിയവരാണ് ഇപ്പോൾ യു.ഡി.എഫിനെ പഴിചാരുന്നതെന്നും സതീശൻ കളിയാക്കി.ജമാഅത്തെ ഇസ്‌ലാമിആർ.എസ്.എസ് ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിക്കുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആർ.എസ്.എസ് ജമാഅത്ത് ചർച്ചക്കുപിന്നിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രതിരോധത്തിൽ നിൽക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാൻ നടത്തിയ ശ്രമം മാത്രമാണ് പുതിയ ആരോപണം. ദൽഹിയിൽ ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള ചില മുസ്‌ലിം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തിയതിന് കേരളത്തിലെ യു.ഡി.എഫ് എന്ത് പിഴച്ചെന്നും സതീശൻ ചോദിച്ചു. ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളായ ഗോപാലൻ കുട്ടിയുമായും വത്സൻ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിട്ടില്ലേ? ആ ചർച്ച നിഷേധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇക്കണോമിക് ടൈംസ് ദൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ എഴുതിയ 'ദ ആർ.എസ്.എസ് ആന്റ് ദ മെയ്ക്കിംഗ് ഓഫ് ദ ഡീപ് നേഷൻ' എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. കേരളത്തിലെ അക്രമം അവസാനിപ്പിക്കാൻ പിണറായിയും കോടിയേരിയും ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടും രഹസ്യമാക്കി വെച്ചു. അന്നു മുതൽ സി.പി.എംആർ.എസ്.എസ് സംഘട്ടനം അവസാനിച്ചു. അതിനു പകരമായി കോൺഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താൻ തുടങ്ങി. ആർ.എസ്.എസുമായി സന്ധി ചെയ്ത ശേഷമാണ് പെരിയയിലെ രണ്ട് ചെറുപ്പക്കാരെയും ഷുഹൈബിനെയും സി.പി.എം കൊലപ്പെടുത്തിയത്.
ജമാഅെത്ത ഇസ്‌ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ 1977 മുതൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വർഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും അവർ വർഗീയ കക്ഷി ആയിരുന്നില്ലേ? ഇപ്പോൾ പുതുതായി പിണറായി കണ്ടെത്തിയിരിക്കുന്ന വർഗീയത എന്താണ്? ആർ.എസ്.എസിന് എതിരായ നിലപാടിന്റെ ഭാഗമായാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ദേശീയതലത്തിൽ ജമാഅത്തെ ഇസ്‌ലാമി കോൺഗ്രസിനെ സഹായിക്കാൻ തീരുമാനിച്ചത്.
അതുവരെ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചത്. ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് പോയി മാറി മാറി വന്ന അമീറുമാരെ പിണറായി വിജയൻ സന്ദർശിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അവരെ തള്ളിപ്പറയാൻ എന്തൊരു തൊലിക്കട്ടിയാണ് പിണറായിക്ക്.
1977ലും 89 ലും ആർ.എസ്.എസുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ് പിണറായി വിജയൻ. അങ്ങനെയുള്ള പിണറായി യു.ഡി.എഫിനെ പഠിപ്പിക്കേണ്ട. പരസ്പര ബന്ധമില്ലാതെ പുലമ്പുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആർ.എസ്.എസിന്റെ വെറുപ്പിനും വിദ്വേഷത്തിനും എതിരെയാണ് രാഹുൽ ഗാന്ധി 4000 കിലോമീറ്റർ നടന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ യു.ഡി.എഫിനെ പോലെ കേരളത്തിൽ ആരും എതിർത്തിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൂർധന്യത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യം കാട്ടിയത് യു.ഡി.എഫ് മാത്രമാണ്. വർഗീയവാദികളുമായി സന്ധി ചെയ്യില്ലെന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.