കൊച്ചി-ബൂമറാങ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവ്. താന്‍ വലിയ സിനിമകള്‍ മാത്രമാണ് ചെയ്യുന്നതെന്നും മലയാളത്തില്‍ ഇനി സിനിമകള്‍ ചെയ്യുന്നില്ലെന്നുമാണ് താരം പറഞ്ഞതെന്ന് നിര്‍മാതാവ് പറഞ്ഞു. സിനിമാപ്രമോഷനിടെ മാധ്യമപ്രവര്‍ത്തകരോടാണ് നിര്‍മാതാവ് വെളിപ്പെടുത്തല്‍ നടത്തിയത്.
എനിക്ക് എന്റേതായ കരിയര്‍ ഉണ്ട് അത് നോക്കണം. മലയാള സിനിമ ഇനി ചെയ്യുന്നില്ല. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമകളെല്ലാം ഇപ്പോള്‍ മാസീവ് റിലീസാണ്. 35 കോടി സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഹൈദരാബാദില്‍ ഇപ്പോള്‍ സെറ്റില്‍ഡാണ് നാളെ ബാങ്കോക്കിലേക്ക് പോകുന്നു എന്നെല്ലാമാണ് പ്രമോഷന് വിളിച്ചപ്പോള്‍ താരം പറഞ്ഞത്.
സിനിമയുടെ ലീഡിങ് റോള്‍ സംയുക്തയാണ്. മനോഹരമായി സംയുക്ത അതില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയില്‍ കരാര്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ പ്രമോഷന്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ഈ സിനിമ പലതവണ റിലീസ് മാറ്റിവെച്ചതിനാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം എങ്കിലും നടിയുടെ പ്രതികരണം മറ്റൊരു രീതിയിലാണ് ഉണ്ടായതെന്നും നിര്‍മാതാവ് പറഞ്ഞു.