മലപ്പുറം : ഒന്നര വയസുകാരനായ കുട്ടിയുടെ ചികിത്സക്കായി കടല വിറ്റ് നടന്ന് പണം സ്വരുക്കൂട്ടി നല്‍കിയ നാലാം ക്ലാസുകാരന്‍ മനുഷ്യസ്‌നേഹത്തിന് മറ്റൊരു വലിയ മാതൃക സൃഷ്ടിടിച്ചിരിക്കുകയാണ്. തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനാണ് ആലത്തിയൂര്‍ എം ഇ ടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒന്‍പത് വയസുകാരന്‍ ഷിബിലി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ പരിചയത്തിലുള്ള ഒന്നര വയസുകാരനായ കുട്ടിയുടെ ചികിത്സക്കായി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ കടല വിറ്റ് നടന്ന് പണം സ്വരുക്കൂട്ടി നല്‍കി മാതൃകയായിരിക്കുകയാണ് ഷിബിലി.
കുട്ടി ആശുപത്രിയില്‍ ഐ സി യുവില്‍ ആയത് മുതല്‍ അവന്റെ ചികിത്സക്കായി എങ്ങനെയെങ്കിലും കുറച്ച് പണം കണ്ടെത്തി നല്‍കണമെന്ന ചിന്തയിലായിരുന്നു ഷിബിലി. അതിനായി പല മാര്‍ഗങ്ങള്‍ ആലോചിച്ചു. ഒടുവിലാണ് കടല വില്‍പ്പനക്കിറങ്ങിയാലോ എന്ന് തീരുമാനിച്ചത്. ഇക്കാര്യം പിതാവ് ബഷീറിനെ അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതം നല്‍കുകയും ചെയ്തു. പിന്നീട് ഒന്നും ആലോചിച്ചില്ല, കുറച്ച് കടലയും വാങ്ങി ബി പി അങ്ങാടിയിലെ നേര്‍ച്ചക്കിടെ നേര്‍ച്ചപ്പറമ്പിലെത്തി കടല വില്‍പ്പന നടത്തി. എന്നാല്‍ എന്തിന് വേണ്ടിയാണ് കടല വില്‍പ്പനക്കിറങ്ങിയതെന്ന് ആരോടും പറഞ്ഞതുമില്ല. ആകെ 8130 രൂപയാണ് കടല വിറ്റ് കിട്ടിയത്. ഇത് പണ കുടുക്കകളിലാക്കി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പിതാവിനോടൊപ്പം ഷിബിലി ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ വീട്ടിലെത്തുകയും അവന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പണക്കുടക്ക പൊളിച്ച് പണം കൈമാറുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് ഷിബിലിയുടെ സദ്പ്രവൃത്തി നാട്ടുകാര്‍ അറിഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വലിയ കാര്യം ചെയ്ത ഷിബിലിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)