അൽകോബാർ- ഹൃദയാഘാതവും വൃക്ക രോഗവും വന്ന മലപ്പുറം സ്വദേശിയെ അടിയന്തര തുടർ ചികിത്സയ്ക്കായി അൽകോബാർ കെ.എം.സി.സി നാട്ടിലെത്തിച്ചു. മലപ്പുറം താനാളൂർ സ്വദേശി പുതിയന്തകത്ത് അബ്ദുൽ സലാമിനെ (50) യാണ് ഇന്നലെ നാട്ടിലെത്തിച്ചത്. രണ്ടാഴ്ച മുമ്പ് അൽകോബാറിലെ കഫ്ത്തീരിയയിൽ ജോലി ചെയ്യവേ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അബ്ദുൽ സലാം തുടർ ചികിത്സക്ക് വേണ്ടി ഇന്നലെ നാട്ടിലേക്ക് തിരിച്ചു. ഹൃദയാഘാതം മൂലം സങ്കീർണമായ
അദ്ദേഹത്തിന് വിദഗ്ധ പരിശോധനക്ക് ശേഷം സർജറി നടത്തുകയും, തുടർന്ന് വൃക്ക രോഗം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി രണ്ട് ഡയാലിസിസിനും വിധേയമായി.
ആശുപത്രിയിൽ കഴിയവേ സുഹൃത്തുകൾ അൽകോബാർ കെ.എം.സി.സിയെ ബന്ധപ്പെടുകയും വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ ഇടപെടുകയും ചെയ്തു. ഇദ്ദേഹത്തിന് പരിമിതമായ ഇൻഷുറൻസ് പരിരക്ഷ മാത്രമായതിനാലും കൂടുതൽ ഡയാലിസിസ് വേണ്ടിവരുന്ന സാഹചര്യത്തിലും നാട്ടിലെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഫൈനൽ എക്‌സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കൊണ്ട് വീൽ ചെയറിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം വന്നതിനാൽ വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂരും അദ്ദേഹത്തെ അനുഗമിച്ചു.