പാണക്കാട് (മലപ്പുറം) - സമസ്ത പുറത്താക്കിയ സി.ഐ.സി ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി പാണക്കാട്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി വേദി പങ്കിട്ടതിന്റെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
സാദിഖലി തങ്ങൾ ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായാണ് വിവരം. തുടർന്ന് ഫൈസി തിരക്കിട്ട് രാത്രി തന്നെ പാണക്കാട്ട് എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറിലേറെയായി തുടരുകയാണ്.
ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന സമസ്തയുടെ വിലക്ക് ലംഘിച്ച പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ സമസ്തയിൽ ഒരുവിഭാഗം കടുത്ത അതൃപ്തിയിൽ തുടരുന്നതിനിടെയാണ് ചർച്ച തുടരുന്നത്. നാദാപുരത്ത് വാഫി സ്ഥാപനത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ആദൃശ്ശേരി ഫൈസിക്കൊപ്പം പാണക്കാട് തങ്ങൾ വേദി പങ്കിട്ടത് വലിയ വിവാദമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമസ്തയുടെ വിദ്യാർത്ഥി-യുവജന സംഘടനകൾ അടിയന്തര യോഗം നാളെ കോഴിക്കോട്ട് വിളിച്ചുചേർത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആദൃശ്ശേരി ഫൈസി സി.ഐ.സി ജനറൾസെക്രട്ടറി സ്ഥാനത്ത് തുടരുവോളം കാലം സമസ്ത വഫി, വാഫിയ്യ തുടങ്ങിയ സി.ഐ.സി സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേരത്തെ വ്യക്തമാക്കിയതാണ്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫൈസിയോട് സി.ഐ.സി ജനറൾസെക്രട്ടറി സ്ഥാനം ഒഴിയണമെന്ന നിർദേശം പാണക്കാട് സാദിഖലി തങ്ങൾ തന്നെ മുന്നോട്ടു വച്ചതായി സൂചനയുണ്ട്. എന്നാൽ ജനറൽസെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് യാതൊരു പ്രശ്‌നവുമില്ലെന്നും സി.ഐ.സിയുടെ യോഗം വിളിച്ചുചേർത്ത് തന്നെ തെരഞ്ഞെടുത്ത ബോഡിക്കു മുമ്പിൽ കാര്യങ്ങൾ പറഞ്ഞ് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതാണ് സംഘടനാപരമായ രീതി എന്നതാണ് ഫൈസിയുടെ നിലപാട്. ഇതോട് സാദിഖലി തങ്ങൾ യോജിച്ചില്ലെന്നാണ് വിവരം. എന്തായാലും പാണക്കാട്ട് ഇരുവരും ചർച്ച തുടരുകയാണ്.