Sorry, you need to enable JavaScript to visit this website.

ദുബായില്‍ കണ്ണീര്‍ തോല്‍വി, സാനിയ കളി നിര്‍ത്തി

ദുബായ് - സാനിയ മിര്‍സയുടെ ഐതിഹാസികമായ 20 വര്‍ഷത്തെ കരിയറിന് ദുബായില്‍ അന്ത്യം. ദുബായ് ഓപണ്‍ ടെന്നിസിന്റെ വനിതാ ഡബ്ള്‍സ് ആദ്യ റൗണ്ടില്‍ സാനിയയും അമേരിക്കന്‍ കൂട്ടാളി മാഡിസന്‍ കീസും ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യന്‍ ജോഡി വെറോണിക്ക കുദര്‍മതോവയും ലുഡ്മില സാംസനോവയും ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടിനെ 6-4, 6-0 ന് തകര്‍ത്തുവിട്ടു. അവസാന ഗ്രാന്റ്സ്ലാമായ ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപണില്‍ സാനിയയും ബാല്യകാല സുഹൃത്തായ രോഹന്‍ ബൊപ്പണ്ണയും മിക്‌സഡ് ഡബ്ള്‍സില്‍ ഫൈനലിലെത്തിയിരുന്നു.
ഡബ്ല്യു.ടി.എ കിരീടം നേടിയ ഏക ഇന്ത്യന്‍ താരമായ സാനിയ ആറ് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ക്കുടമയാണ്. വനിതാ സിംഗില്‍ ലോക റാങ്കിംഗില്‍ ഇരുപത്തേഴാം സ്ഥാനത്തു വരെയെത്തി. പരിക്കു കാരണം സിംഗിള്‍സ് ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ഡബ്ള്‍സിലേക്ക് തിരിയുകയും ലോക ഒന്നാം നമ്പറാവുകയും ചെയ്തു. വിവാഹിതയും മാതാവുമായ ശേഷം കോര്‍ടില്‍ തിരിച്ചെത്തുകയും സുപ്രധാന വിജയങ്ങള്‍ നേടുകയും ചെയ്തു. 
ദുബായില്‍ രണ്ടു തവണ സാനിയ ഫൈനലിലെത്തിയിരുന്നു. 2012ല്‍ സാനിയയും റഷ്യയുടെ എലേന വെസ്‌നീനയും ഫൈനലില്‍ അമേരിക്കന്‍ ജോഡി ലീസല്‍ ഹൂബര്‍-ലിസ റെയ്മണ്ട് കൂട്ടുകെട്ടിനോട് തോറ്റു. പിറ്റേ വര്‍ഷം സാനിയയും അമേരിക്കക്കാരി ബെഥാനി മാറ്റൈക്കും റഷ്യ-സ്ലൊവേനിയ ജോഡി നാദിയ പെട്രോവയോടും കാതറിന സ്രെബോട്‌നിക്കിനോടും കീഴടങ്ങി. മറ്റൊ മുന്നേറ്റത്തോടെ വിട പറയാമെന്ന മോഹമാണ് ഇത്തവണ പൊലിഞ്ഞത്. വിടവാങ്ങള്‍ പ്രതീക്ഷിച്ചതു പോലെയായില്ലെങ്കിലും ഇന്ത്യന്‍ കായികരംഗത്തെ ഐതിഹാസികമായ ഏടാണ് സാനിയയുടെ വിടവാങ്ങലോടെ അസ്തമിച്ചത്.
സാനിയ പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ മെന്ററായി ചുമതലയേറ്റിട്ടുണ്ട്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന നയിക്കുന്ന ടീമില്‍ സോഫി ഡിവൈന്‍, എലിസ് പെറി, രേണുക സിംഗ്, റിച്ച ഘോഷ്, ഹെതര്‍ നൈറ്റ്, ഡെയ്ന്‍ വാന്‍ നീക്കര്‍ക്ക്, മെഗാന്‍ ഷുട് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്.
 

Latest News