ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയ്ക്കെതിരെ പോലീസ് കേസെടുത്തു. ഹസ്രത് ഗഞ്ച് പോലീസാണ് കേസെടുത്തത്. പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോഡി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്.
ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍സി മുകേഷ് ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹസ്രത് ഗഞ്ച് പോലീസിന്റെ നടപടി. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പവന്‍ ഖേരയുടെ വിവാദ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിതാവിനെ അദാനിയുടെ പിതാവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പരിഹസിക്കുകയായിരുന്നു. ഇതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പരാമര്‍ശം കുറ്റകരമായതിനാലാണ് പരാതി നല്‍കിയതെന്നാണ് മുകേഷ് ശര്‍മ പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തകര്‍ച്ചയാണ് പവന്‍ ഖേരയുടെ പ്രസ്താവന വെളിവാക്കുന്നത്. രാഹുല്‍ഗാന്ധി നേതാവായശേഷം കോണ്‍ഗ്രസ് ഭാരവാഹികളുടെ നിലവാരം ദിനംപ്രതി താഴേക്ക് പതിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ ഇത്തരം മോശമായ പരാമര്‍ശങ്ങള്‍ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരനായ ഒരാള്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിലുള്ള അവജ്ഞയില്‍ നിന്നുണ്ടായ പരാമര്‍ശമാണിത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് മോഡിക്കെതിരെ ഇത്തരം മോശം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ഹിമന്ത ശര്‍മ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)