പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ നിന്ന് എനിക്ക് ആദ്യ അധ്യാപന നിയമനം ലഭിച്ചത് ആൺകുട്ടികൾ മാത്രമുളള കൊടുവളളി ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു. ഇംഗ്ലീഷും ഹിസ്റ്ററിയും പിന്നെ മലയാളവും പഠിപ്പിക്കണം. എന്നാൽ സ്‌കൂളിലെ കുട്ടികളുമായി പെട്ടെന്ന് സൗഹൃദത്തിലാവാൻ എനിക്ക് കഴിഞ്ഞു. അവർ ആ സ്‌നേഹം എനിക്ക് തിരിച്ചുതന്നുവെന്ന് ആദ്യ മാസങ്ങളിൽ തന്നെ എനിക്ക് ബോധ്യമായി. ആ സ്‌നേഹ പ്രകടനത്തിന് റമദാൻ നോമ്പുമായി ബന്ധമുണ്ടെന്നതും യാദൃഛികം.
റമദാൻ നോമ്പ് തുടങ്ങുന്നതിന്റെ തലേന്ന് രാവിലെ കോഴിക്കോട്ടെ എന്റെ വീട്ടിലേക്ക് ചിലർ വന്നു. കണ്ടു പരിചയിച്ച മുഖങ്ങളാണ്. ഒരാളെ പെട്ടെന്ന് എനിക്ക് ബോധ്യമായി. എന്റെ ക്ലാസ് ലീഡർ ഇമ്പിച്ചി മുഹമ്മദാണ്. മറ്റുളളവർ ക്ലാസിലെ വിദ്യാർത്ഥികളും. കയ്യിൽ ഈത്തപ്പഴമടക്കമുള്ള പഴങ്ങളുണ്ട്. എനിക്കൊന്നും മനസ്സിലായില്ല. എന്നാൽ അച്ഛന് കാര്യം പിടികിട്ടി. റമദാൻ നോമ്പ് തുറക്കുന്നതിന് ശിഷ്യന്മാരുടെ സ്‌നേഹ വിഭവം. കുട്ടികളിൽ പലർക്കും നാണമുണ്ട്. ഞാൻ സ്‌കൂളും പരിസരവും പഠിച്ചുവരുന്നതേയുള്ളൂ. അപ്പോഴേക്കും ഒരു അധ്യാപികക്ക് അവർ നൽകുന്ന സ്‌നേഹോപഹാരം. എന്റെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. അച്ഛൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന തേൻ അടക്കം അവർക്ക് നൽകിയാണ് അവരെ ഞാൻ മടക്കിയത്. അന്ന് എന്റെ വീട് തേടി വന്ന കൊടുവള്ളി അധികാരിയുടെ മകൻ പിന്നീട് അവന്റെ മകന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിരുന്നു. ബന്ധങ്ങൾ പലതും കാത്തുസൂക്ഷിക്കുന്നു. നോമ്പ് വരുമ്പോൾ ആദ്യം ഓർമയിൽ വരുന്ന ചിത്രങ്ങളിലൊന്നാണിത്.
കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിൽ പഠിക്കുന്ന കാലത്ത് ആസ്യ എന്ന കൂട്ടുകാരി എനിക്കുണ്ടായിരുന്നു. ആസ്യ ഓർഫനേജിലാണ്. കാന്റീനിൽ കിട്ടുന്ന വിഭവങ്ങൾ അവൾ എന്നോട് പറയും. ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാറാണ് പതിവ്. നോമ്പ് കാലത്ത് അവൾ കൂടുതൽ ഉൽസാഹവതിയാണ്. എന്നോട് നോമ്പിനെക്കുറിച്ച് അവൾ വാചാലയാവും. വീട്ടുകാരോടൊത്ത് നോമ്പെടുക്കാനുള്ള ഉൽസാഹമാണ് അവൾക്ക്. അവളെപ്പോലെ ഞാനും നോമ്പെടുക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ അവളിലുണ്ടായ സന്തോഷം ഞാൻ നേരിട്ട് കണ്ടു.
സ്‌നേഹനിധിയായ കൂട്ടുകാരി ആസ്യയെ പിന്നീട് ഞാൻ കണ്ടിരുന്നില്ല. ഹൈസ്‌കൂളിൽ ഞാൻ പിന്നീട് കോഴിക്കോട് നടക്കാവിലേക്ക് മാറി. എന്നാലും ഞാനെന്നും ഓർക്കും. പിന്നീട് രണ്ടു വർഷം മുമ്പ് ഞാൻ കൊടുവള്ളിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. അവിടേയും ഞാൻ റസിയയുമായുളള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. അപ്പോഴാണ് ഞാൻ കാണാനാഗ്രഹിച്ച കൂട്ടുകാരി ഉമ്മയായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. അവൾ എന്നേയും മറന്നിട്ടില്ല. ഞങ്ങളിപ്പോഴും ആ സ്‌നേഹ ബന്ധം കാത്തു സൂക്ഷിക്കുന്നു.
ഒരു റമദാൻ കാലത്ത് കാക്കൂരിൽ പ്രോഗ്രാമിൽ പങ്കെടുത്തു മടങ്ങുമ്പോൾ നേരം സന്ധ്യയായിരുന്നു. അവിടെത്തെ വീട്ടിൽ ഞാൻ നോമ്പ് തുറയിൽ കൂടി. വല്ലാത്ത ആത്മസുഖം നൽകിയ വിരുന്നായിരുന്നു അത്. പിന്നീട് നോമ്പുതുറയിലെ വിഭവങ്ങൾ വീട്ടുകാർക്ക് എന്ന് പറഞ്ഞ് പൊതിഞ്ഞ് അവർ കാറിൽ കൊണ്ടുവന്നു വെച്ചു. റമദാൻ ജാതിമതങ്ങൾക്കപ്പുറം പടരുന്ന സ്‌നേഹമാണെന്ന് എനിക്ക് ഇത്തരം അനുഭവങ്ങളിൽ തോന്നിയിട്ടുണ്ട്.
കോഴിക്കോട്ടെ ഞങ്ങളുടെ വീടിനു ചുറ്റും മുസ്‌ലിംകളാണ്. അതുകൊണ്ട് തന്നെ റമദാനും പെരുന്നാളും അവരെപ്പോലെ ഞാൻ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. റമദാൻ വിഭവങ്ങൾ എന്നെ തേടിയെത്തുന്നു. എന്റെ അയൽക്കാരി പാത്തുമ്മൈ ഉമ്മ എനിക്ക് അവരുണ്ടാക്കിയ മുത്തുകളുള്ള മടിശ്ശീല സമ്മാനമായി നൽകിയതും നോമ്പുകാലത്താണ്. വിദേശത്ത് ജോലി ചെയ്യുന്ന പലരും നോമ്പ് കാലത്ത് നാട്ടിലെത്താറുണ്ട്. നമ്മുടെ നാട്ടിലെ നോമ്പാണ് നോമ്പ് എന്ന് അവർ പറയുന്നത് കേട്ടിട്ടുണ്ട്. റമദാനിൽ ഒത്തുചേരലിന് കൂടി പ്രധാന്യം കൽപിക്കുന്നുണ്ട്. റമദാൻ കാലത്ത് കാരക്കയടക്കം എനിക്ക് നൽകുന്ന പണ്ഡിതന്മാരും കോഴിക്കോട്ടുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, റഫീഖ് അഹമ്മദ്, ഡോ.എം.കെ.മുനീർ അടക്കം എന്റെ സൗഹൃദ വലയങ്ങൾ വലുതാണ്.
ഭക്ഷണം ഉപേക്ഷിച്ച് ശരീരത്തോടൊപ്പം ആത്മാവിനേയും ശുദ്ധീകരിക്കുന്നതാണ് നോമ്പ്. നല്ല ഭക്ഷണം ഉറ്റവരോടൊത്ത് കഴിക്കുന്നതും അതിനായി ഹൃദയത്തോട് ചേർന്നുള്ളവരെ ക്ഷണിക്കുന്നതും നോമ്പിനെ അർത്ഥപൂർണമാക്കുന്നു.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)