ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ വിമര്‍ശനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജോര്‍ജ് സോറോസ് മുമ്പ് പറഞ്ഞ മിക്ക കാര്യങ്ങളോടും തനിക്ക് വിയോജിപ്പുണ്ടെന്നും ഇപ്പോള്‍ പറയുന്ന മിക്ക കാര്യങ്ങളും അംഗീകരിക്കുന്നില്ലെന്നും ചിദംബരം പറഞ്ഞു.
'ജോര്‍ജ് സോറോസ് മുന്‍കാലങ്ങളില്‍ പറഞ്ഞതില്‍ ഭൂരിഭാഗവും ഞാന്‍ അംഗീകരിച്ചിട്ടില്ല, ഇപ്പോള്‍ അദ്ദേഹം പറയുന്ന മിക്ക കാര്യങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ 'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമായി മുദ്രകുത്തുന്നത് കുറച്ചു കടന്നു പോയി- ചിദംബരം ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് സോറോസിന്റെ പ്രസ്താവന. അദാനിയുടെ ഓഹരി തകര്‍ച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുര്‍ബലനാകുമെന്നും ഇത് രാജ്യത്ത് ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതില്‍ തുറക്കുമെന്നും സോറസ് പറഞ്ഞു.
ആരാണ് ഇന്ത്യ ഭരിക്കേണ്ടതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് ചിദംബരം പറഞ്ഞു. 92 വയസ്സുള്ള ഒരു ധനികനായ വിദേശ പൗരന്റെ വഴിവിട്ട പ്രസ്താവന കൊണ്ട് താഴെ വീഴാന്‍ മാത്രം ദുര്‍ബലമാണ് ഇന്ത്യയുടെ സര്‍ക്കാര്‍ എന്ന് താന്‍ കരുതുന്നില്ലെന്ന് സോറസിന് ബി.ജെ.പി നല്‍കിയ മറുപടിയെ പരിഹസിച്ച് ചിദംബരം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ തകര്‍ക്കാനുള്ള പ്രഖ്യാപനം എന്നായിരന്നു സോറോസിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പിയുടെ പൊട്ടിത്തെറി.
'ജോര്‍ജ് സോറോസിനെ അവഗണിക്കുക, നൂറിയല്‍ റൂബിനിയെ ശ്രദ്ധിക്കുക' എന്നും അദ്ദേഹം ഉപദേശിച്ചു. രാജ്യം വന്‍കിടക്കാരുടെ കൈയില്‍ അമരുന്നതോടെ പുതുതായി ആരും രംഗത്തേക്ക് വരില്ലെന്ന് റൂബിനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലെ ആഗോള മാക്രോ ഇക്കണോമിക് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റൂബിനി മാക്രോ അസോസിയേറ്റ്‌സിന്റെ സി.ഇ.ഒയാണ് നൂറിയല്‍ റൂബിനി. അറ്റ്‌ലസ് ക്യാപിറ്റല്‍ ടീമിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍കൂടിയാണ് അദ്ദേഹം.
'ഉദാരവല്‍ക്കരണം ഒരു തുറന്ന, മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ കൊണ്ടുവരാനായിരുന്നു. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ അത് അട്ടിമറിച്ചതായും ചിദംബരം കുറ്റപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)