ദുബായ്- മൂന്നര മാസം മുമ്പ് ദുബായില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിലാണ് അമലിനെ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസം മുമ്പാണ് അമല്‍ ജോലിക്ക് കയറിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ കാണാതായത്. താമസിക്കുന്ന മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ തിരികെ വന്നില്ല. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിരുന്നു.
ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു രണ്ടു ദിവസങ്ങള്‍ക്ക്മുന്‍പാണ് അദ്ദേഹം തിരികെപോയത്.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.