ബെംഗളൂരു- നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കര്‍ണാടക ബജറ്റില്‍ ക്ഷേത്രങ്ങളുടെയും സന്ന്യാസി മഠങ്ങളുടേയും നിര്‍മാണത്തിന് ആയിരം കോടി രൂപ നീക്കിവെച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വികസനത്തിനാണ് ഫണ്ട് നീക്കിവെച്ചതില്‍ മുന്‍ഗാമിയായ ബി.എസ് യെദ്യൂരപ്പയാണ് അദ്ദേഹത്തിന്റെ മാതൃക. തെരഞ്ഞെടുപ്പായപ്പോള്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതുപോലെ ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചിരുന്നു.
രാമനഗരയിലെ രാമദേവര ബേട്ടയില്‍ രാമമന്ദിരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് ഫണ്ട് അനുവദിച്ചിട്ടില്ല. വിശദമായ പ്രോജക്ട് തയ്യാറാക്കിയ ശേഷം നിര്‍ദിഷ്ട രാമ മന്ദിര പദ്ധതിക്കുള്ള ബജറ്റ് വിഹിതം നല്‍കുമെന്ന് ബജറ്റിന് ശേഷം ബൊമ്മെ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ സി എന്‍ അശ്വത് നാരായണ്‍ ആദ്യമായി നിര്‍ദ്ദേശിച്ച രാമദേവര ബേട്ടയിലെ ക്ഷേത്രത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാമനഗര്‍ വഴി പഴയ മൈസൂരു മേഖലയിലേക്ക് ചുവടുവെക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതിന്റെ നിര്‍മ്മാണം.
ഈ സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അശ്വത് നാരായണ്‍ ബൊമ്മെയ്ക്കും ദേവസ്വം മ മന്ത്രി ശശികല ജോളിക്കും കത്തെഴുതുകയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്ഥലം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മറ്റൊരു പദ്ധതിയായ കൊപ്പല്‍ ജില്ലയിലെ അഞ്ജനാദ്രി കുന്നിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലേക്ക് സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഹനുമാന്‍ ജനിച്ചത് കുന്നിന്‍ മുകളിലാണെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ഈ ക്ഷേത്രത്തിന് പ്രാധാന്യം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ബൊമ്മെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അഞ്ജനാദ്രി കുന്ന് ഹനുമാന്റെ ജന്മസ്ഥലമാണെന്ന് ഊന്നിപ്പറയുകയും ചെയ്തിരുന്നു. ഇക്കാര്യം തനിക്ക് ആയിരം തവണ പറയാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.സംസ്ഥാനത്തിന്റെ പൈതൃക കേന്ദ്രങ്ങളുടെ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, കലബുറഗി ജില്ലയിലെ സന്നതി ചന്ദ്രലാംബ ക്ഷേത്രം, ഗണഗാപുര ദത്താത്രേയ ക്ഷേത്രം, ബനവാസിയിലെ മധുകേശ്വര ക്ഷേത്രം എന്നിവയുടെ സമഗ്ര വികസനത്തിന് ഗ്രാന്റ് നല്‍കും. ഹവേരി ജില്ലയിലെ ബങ്കപുരയില്‍ 101 തൂണുകളുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ നഗരേശ്വര ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)