Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ ആഞ്ഞടിച്ച് യു.എസ് ശതകോടീശ്വരന്‍; ആരാണീ ജോര്‍ജ് സോറസ്, കൂടുതലറിയാം

ന്യൂദല്‍ഹി- അദാനി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്.  ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ടായിരിക്കുന്ന കുഴപ്പം അധികാരത്തിലുള്ള മോഡിയുടെ പിടി ദുര്‍ബലമാക്കുമെന്ന്  മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ സോറോസ് പറഞ്ഞു. മോഡിയുടെ ഏകാധിപത്യ നിലപാടിനെ സോറോസ് ഇതിനു മുമ്പും വിമര്‍ശിച്ചിട്ടുണ്ട്.
92 കാരനായ ജോര്‍ജ് സോറോസ് കോടീശ്വരനായ അമേരിക്കന്‍ നിക്ഷേപകനും മനുഷ്യസ്‌നേഹിയും ഷോര്‍ട്ട് സെല്ലറും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. ഹംഗേറിയന്‍ വംശജനായ ഇദ്ദേഹം അറിയപ്പെടുന്ന  അന്താരാഷ്ട്ര നിക്ഷേപകരില്‍ ഒരാളാണ്. 850 കോടി ഡോളറിന്റെ ആസ്തിയുള്ള സോറോസ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ജനാധിപത്യം, സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ഇതുവഴി ഗ്രാന്റുകള്‍ നല്‍കുന്നു. 1930 ല്‍ ഹംഗറിയിലെ സമ്പന്ന ജൂത കുടുംബത്തിലാണ് സോറോസിന്റെ ജനനം.
രാജ്യത്ത് യഹൂദ വിരുദ്ധ വികാരം ആളിക്കത്തിയ  സമയത്ത് ജൂത വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കാന്‍ കുടുംബപ്പേര് 'ഷ്വാര്‍ട്‌സ്' എന്നതില്‍ നിന്ന് 'സോറോസ്' എന്നാക്കി മാറ്റി. നാസി അധിനിവേശകാലത്ത് ഹംഗറിയില്‍ നടന്ന  ഹോളോകോസ്റ്റിനെ അതിജീവിച്ചവരാണ് സോറോസിന്റെ കുടുംബം. തുടര്‍ന്ന് 1947ല്‍ കുടുംബം ലണ്ടനിലേക്ക് മാറി.
1970ല്‍ സോറോസ് ഫണ്ട് മാനേജ്‌മെന്റ് എന്ന വളരെ വിജയകരമായ നിക്ഷേപ മാനേജ്‌മെന്റ് കമ്പനി സ്ഥാപിച്ചു. അതിനുശേഷം ഈ സ്ഥാപനം ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ വന്‍ ലാഭമാണ്  ഉണ്ടാക്കുന്നത്. വര്‍ഷങ്ങളായി വിവിധ സാമൂഹിക ആവശ്യങ്ങള്‍ക്കായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലേക്ക് കോടിക്കണക്കിന് ഡോളര്‍ സംഭാവന ചെയ്തയാളാണ് സോറോസ്. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ കടുത്ത വിമര്‍ശകനായും ഇദ്ദേഹം അറിയപ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ജനാധിപത്യത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന സോറോസ്, ഹംഗറി, സെര്‍ബിയ, മ്യാന്‍മര്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ഒന്നിലധികം ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികള്‍ ലഘൂകരിക്കാനുള്ള പരിപാടികള്‍ക്കും അദ്ദേഹം വലിയ പിന്തുണ നല്‍കുന്നു. ലോകമെമ്പാടും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നു.
മികച്ച എഴുത്തുകാരന്‍ കൂടിയാണ് സോറോസ്. രാഷ്ട്രീയം, ബിസിനസ്സ്, ഫിനാന്‍സ്, സാമൂഹിക പ്രശ്‌നങ്ങള്‍, തത്ത്വചിന്ത എന്നിവ ഉള്‍പ്പെടുന്ന നിരവധി വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമ്പത്തിക സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും വലിയ വക്താവാണ് അദ്ദേഹം.
1947ല്‍ ബ്രിട്ടനിലെത്തിയ  സോറോസ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് തത്ത്വചിന്തയില്‍ ബിരുദം നേടി. പിന്നീട് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി.
1956ല്‍ ന്യൂയോര്‍ക്കിലേക്ക് മാറിയതിനുശേഷം സോറോസ് യൂറോപ്യന്‍ സെക്യൂരിറ്റികളില്‍ അനലിസ്റ്റായി ജോലി ചെയ്തു തുടങ്ങി.
1969ല്‍ സോറോസ് തന്റെ ആദ്യത്തെ ഹെഡ്ജ് ഫണ്ട് ഡബിള്‍ ഈഗിള്‍ തുറന്നു.
'ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത മനുഷ്യന്‍' എന്നും സോറോസ് അറിയപ്പെടുന്നുണ്ട്.  10 ബില്യണ്‍ പൗണ്ടിന്റെ വില്‍പ്പനയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ പേരില്‍ വിളിക്കാന്‍ തുടങ്ങിയത്. 1992 ലെ കറുത്ത ബുധനാഴ്ച യുകെ കറന്‍സി പ്രതിസന്ധിയില്‍ അദ്ദേഹം ഒരു ബില്യണ്‍ ഡോളറിലധികം ലാഭം നേടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആദ്യമായല്ല  ജോര്‍ജ് സോറോസ് രൂക്ഷ വിമര്‍ശനം നടത്തുന്നത്.  മോഡി ഹിന്ദു രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും മുസ്ലിംകളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി മുന്നോട്ട് വെയ്ക്കുന്നുവെന്നും സോറസ് തുറന്നടിച്ചിരുന്നു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദേശീയതാ വാദം ഇല്ലാതാകുന്നതിന് പകരം ശക്തിപ്പെടുന്നതാണ് കാണുന്നതെന്നും അതിന്റെ ഏറ്റവും ഭീമവും ഭയപ്പെടുത്തുന്നതുമായ തിരിച്ചടി കാണുന്നത് ഇന്ത്യയിലാണെന്നും സോറോസ് പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി ഹിന്ദു രാഷ്ട്രമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സോറോസ് പല വേദികളിലും തുറനന്നടിക്കുന്നത്.

 

Latest News