ചെന്നൈ- ഭാര്യ വിഷം ചേര്‍ത്തു നല്‍കിയ മദ്യം കഴിച്ച് ഭര്‍ത്താവും സുഹൃത്തും മരിച്ചു. ചെന്നൈക്കു സമീപം മധുരാന്തകത്തിലാണ് സംഭവം. ഇറച്ചിക്കോഴിക്കടയില്‍ ജോലിചെയ്യുന്ന സുകുമാറും (27) സുഹൃത്തും ബിഹാര്‍ സ്വദേശിയായ ഹരിലാലു (43)മാണ് കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യ കവിതയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്നാണ് കവിത ഭര്‍ത്താവിന് വിഷം നല്‍കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. സുകുമാറും കവിതയും ഒരേ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ കുറച്ചുകാലമായി വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കവിതയും സഹപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് ഒരുമിപ്പിച്ചതായിരുന്നു.
വീണ്ടുംവഴക്ക് തുടങ്ങിയതോടെയാണ് സുകുമാറിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താന്‍ തീരുമനിച്ചതെന്ന് കവിത പോലീസിനോട് സമ്മതിച്ചു.
സുകുമാര്‍ പറഞ്ഞുവെന്ന് അറിയിച്ച് സുകുമാറിന്റെ സഹോദരന്‍ മണിയെ കൊണ്ടാണ് മദ്യം വാങ്ങിപ്പിച്ചത്.
കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ച് ഉപയോഗിച്ചാണ് വിഷം കലര്‍ത്തിയത്. സുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞ് മദ്യകുപ്പി സുകുമാറിന് നല്‍കി. ഇയാള്‍ കടയില്‍ പോയി ഹരിലാലിനൊപ്പം മദ്യപിക്കുകയും അധികംവൈകാതെ ഇരുവരും കുഴഞ്ഞുവീഴുകയുമായിരുന്നു.
രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രക്തത്തില്‍ വിഷംകലര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവിത അറസ്റ്റിലായത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)