കഹ്‌റമാൻമാരാസ് (തുർക്കി)- മരണത്തിൽനിന്ന് ജീവിതത്തിലേക്ക് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുക. 43,000ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന് 11 ദിവസത്തിന് ശേഷം മൂന്നു പേരെ വെള്ളിയാഴ്ച പുറത്തെടുത്തു.
നിരവധി അന്താരാഷ്ട്ര രക്ഷാസംഘങ്ങൾ വലിയ ഭൂകമ്പ മേഖല വിട്ടുപോയിട്ടുണ്ട്. എങ്കിലും തകർന്നു വീണ അവിശിഷ്ടങ്ങൾക്കിടയിൽനിന്ന് ചിലർ വീണ്ടും അത്ഭുകരമായി ജീവിതത്തിലേക്ക് വരുന്നു.
ഭൂകമ്പത്തിന് 278 മണിക്കൂറിന് ശേഷം തെക്കൻ പ്രവിശ്യയായ ഹതായിൽ ഒരാളെ രക്ഷപ്പെടുത്തിയതായി അനഡോലു വാർത്താ ഏജൻസി അറിയിച്ചു.
നേരത്തെ, പുരാതന കാലത്ത് അന്ത്യോക്യ എന്നറിയപ്പെട്ടിരുന്ന തുർക്കിയിലെ ചരിത്ര നഗരമായ അന്റാക്യയിൽ ഒസ്മാൻ ഹലേബിയെ (14), മുസ്തഫ അവ്‌സി (34) എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഭൂകമ്പമുണ്ടായ അന്നു രാത്രിയാണ് അവ്‌സിയുടെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ അവ്‌സി വെള്ളിയാഴ്ച കണ്ടു.
'എനിക്ക് എല്ലാ പ്രതീക്ഷകളും പൂർണ്ണമായും നഷ്ടപ്പെട്ടു. ഇതൊരു യഥാർത്ഥ അത്ഭുതമാണ്. അവർ എന്റെ മകനെ എനിക്ക് തിരികെ തന്നു. ഞാൻ അവശിഷ്ടങ്ങൾ കണ്ടു, അവിടെ നിന്ന് ആരെയും ജീവനോടെ രക്ഷിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതി- അവ്‌സിയുടെ പിതാവ് പറഞ്ഞു.
ക്ഷീണിതനായ അവ്‌സി പിന്നീട് ഭാര്യ ബിൽജിനോടും മകൾ അൽമൈലിനോടും ഒപ്പം മെർസിനിലെ ഒരു ആശുപത്രിയിൽ വീണ്ടും ഒന്നിച്ചു.
ഭൂകമ്പത്തെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെടാത്തവർക്ക് പിന്നീട് തിരിച്ചുവരാൻ സാധിക്കില്ലന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അതേസമയം, 2010ൽ ഹെയ്തിയിൽ ഉണ്ടായ ഒരു വിനാശകരമായ ഭൂകമ്പത്തിന് 15 ദിവസത്തിന് ശേഷം ഒരു കൗമാരക്കാരി രക്ഷപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതേസമയം, ഭൂകമ്പങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പ് ബാക്കിനിൽക്കുന്നവരെ കണ്ടെത്തി രക്ഷിക്കാൻ തുർക്കിയിലെ വിവിധ സ്ഥലങ്ങളിൽ സൗദി സെർച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. അന്റാക്യയിൽ 11 ഇടങ്ങളിൽ സൗദി സംഘങ്ങൾ ഫീൽഡ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിക്കേറ്റവർക്ക് വൈദ്യപരിചരണങ്ങൾ നൽകാൻ സൗദി മെഡിക്കൽ സംഘങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററുമായും സൗദി റെഡ് ക്രസന്റുമായും സഹകരിച്ച് ആരോഗ്യ മന്ത്രാലയം തുർക്കിയിൽ വെർച്വൽ ക്ലിനിക്കും തുറന്നിട്ടുണ്ട്. ക്ലിനിക്കിലെത്തുന്ന രോഗികളെ അത്യാധുനിക സാങ്കേതികവിദ്യകൾ വഴി റിയാദിൽ നിന്നുള്ള ഡോക്ടർമാരാണ് പരിശോധിച്ച് മരുന്നുകൾ നിർദേശിക്കുന്നത്.
സൗദിയിൽ നിന്നുള്ള റിലീഫ് വസ്തുക്കൾ വഹിച്ച പന്ത്രണ്ടാമത് വിമാനം ഇന്നലെ തുർക്കിയിലെ ഗാസിഅന്റപ് എയർപോർട്ടിലെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും തമ്പുകളും അടക്കം 75 ടൺ റിലീഫ് വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്. തുർക്കിയിലെ ഗാസിഅന്റപ്, അദന, സിറിയയിലെ അലപ്പോ എയർപോർട്ടുകൾ വഴി നേരത്തെ പതിനൊന്ന് വിമാന ലോഡ് റിലീഫ് വസ്തുക്കൾ സൗദി അറേബ്യ എത്തിച്ചിരുന്നു.
തുർക്കിയിൽ നിന്ന് ഉത്തര സിറിയയിലേക്ക് 10 ട്രക്ക് ലോഡ് റിലീഫ് വസ്തുക്കളും ഇന്നലെ അയച്ചു. തുർക്കി, സിറിയ അതിർത്തിയിലെ ബാബ് അൽസലാമ അതിർത്തി പോസ്റ്റ് വഴി ട്രക്കുകൾ സിറിയയിൽ പ്രവേശിച്ചു. ഈ ട്രക്കുകളിൽ ഭക്ഷ്യവസ്തുക്കളും തമ്പുകളും അടക്കം 80 ടൺ റിലീഫ് വസ്തുക്കളാണുണ്ടായിരുന്നത്. ദിവസങ്ങൾക്കു മുമ്പും ഉത്തര സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ സൗദി അറേബ്യ 11 ട്രക്ക് ലോഡ് റിലീഫ് വസ്തുക്കൾ എത്തിച്ചിരുന്നു.
തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിതർക്കു വേണ്ടി നടത്തുന്ന ജനകീയ സംഭാവന സമാഹരണ കാമ്പയിനിലൂടെ വ്യാഴാഴ്ച അർധരാത്രി വരെ 36.8 കോടിയിലേറെ റിയാൽ ലഭിച്ചു. വ്യാഴാഴ്ച രാത്രി വരെ 16,48,696 പേർ ജനകീയ സംഭാവന സമാഹരണ കാമ്പയിനിൽ പങ്കെടുത്ത് സംഭാവനകൾ നൽകി.