മക്ക-സമൂഹങ്ങളെയും നാഗരികതകളെയും അളക്കപ്പെടുന്നത് അവ വഹിക്കുന്ന ധാർമ്മിക ബോധത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് മസ്ജിദുൽ ഹറം ഇമാം ശൈഖ് സാലിഹ് അൽ ഹുമൈദ് പറഞ്ഞു. സാങ്കേതിക പുരോഗതികൾക്കും ആധുനിക കണ്ടുപിടുത്തങ്ങൾക്കുമൊപ്പം മാനുഷികമൂല്യങ്ങൾ കൂടി വ്യാപിക്കുമ്പോൾ മാത്രമേ മനുഷ്യർക്കിടയിൽ സമാധാനവും ശാന്തിയും നിലനിൽക്കുകയുള്ളൂ. മൂല്യ നിരാസവും ധാർമ്മിക ബോധമില്ലായ്മയും മനുഷ്യ വംശത്തിന്റെ ഉന്മൂല നാശത്തിലാണ് കലാശിക്കുക. ഭരണകൂടങ്ങളും വ്യവസ്ഥിതികളും മാറി വരുന്നതിനനസരിച്ച് മാറേണ്ടവയല്ല ധാർമ്മിക മൂല്യങ്ങൾ. പലരാജ്യങ്ങളിലും കണ്ടു വരുന്ന കൂട്ടക്കൊലകളുടെയും പരസ്പര സംഘട്ടനങ്ങളുടെയും കൂട്ടപാലായനങ്ങളുടെയും അശാന്തിയുടെയും കുടുംബ ഛിദ്രതയുടെയുമെല്ലാം അടിസ്ഥാന കാരണം. സങ്കുചിത ചിന്താഗതികളും മാനുഷികമൂല്യങ്ങളുടെ നിരാസവും ധാർമ്മിക ബോധങ്ങളുടെ അപചയവുമാണെന്നും മക്കയിലെ മസ്ജിദ് അൽഹറമിൽ വെള്ളിയാഴ്ചയിലെ ഖുത്ബ പ്രഭാഷണത്തിനിടെ ശൈഖ് ഇബിനു ഹുമൈദ് ചൂണ്ടിക്കാട്ടി.