Sorry, you need to enable JavaScript to visit this website.

'ശിവശങ്കറുമായി പാർട്ടിക്കു ബന്ധമില്ല; എല്ലാറ്റിനും സി.ബി.ഐ അന്വേഷണത്തോടും യോജിപ്പില്ലെന്ന് എംവി ഗോവിന്ദൻ

- ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി    

കണ്ണൂർ - പാർട്ടിയും എം ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. സിപിഎമ്മുമായി അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും അതിനൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. ശുഹൈബ് വധക്കേസ് യു.ഡി.എഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. സി.ബി.ഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാർട്ടിക്ക് യോജിപ്പില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്ത്രീത്വത്തെ അപമാനിച്ച ആകാശ് തില്ലങ്കേരിയെ പോലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല തീരുമാനിക്കേണ്ടതെന്നും പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 അതിനിടെ, ആകാശിനെ അറസ്റ്റ് ചെയ്യാൻ കണ്ണൂർ മുഴക്കുന്ന് പോലീസിന് നിർദേശം പോയതായി വിവരമുണ്ട്. കാപ്പ ചുമത്താനുള്ള സാധ്യതയടക്കമുണ്ട്. ആകാശ് ഒളിവിലാണെന്നാണ് പറയുന്നത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നുള്ള കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കാനും സാധ്യതയുണ്ട്. അങ്ങനെ സത്യസന്ധമായ അന്വേഷണം നടന്നാൽ പലരേയും പ്രതിരോധത്തിലാക്കുന്ന കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് രാഷ്ട്രീയകേരളം സാക്ഷിയായേക്കും.

 

Latest News