- മത്സരം പാർട്ടിയുടെ ആരോഗ്യത്തിന് നല്ലത്; എന്നാൽ, പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്നും തരൂർ
ന്യൂദൽഹി - പാർട്ടിയുടെ ആരോഗ്യത്തിന് മത്സരം നല്ലതാണെങ്കിലും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു മത്സരിക്കാൻ താനുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പി.ടി.ഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയർത്തി. ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടിയോട് പറയേണ്ടത് എന്റെ കടമയായി തോന്നുന്നില്ല. ഓരോ സമയത്തും എടുക്കേണ്ട നടപടികൾ അവർ എടുക്കട്ടെ. പാർട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ട്. ഇനിയൊരു മത്സരത്തിനില്ല. മറ്റുള്ളവർ മുന്നോട്ടുവരട്ടെയെന്നും തരൂർ പറഞ്ഞു.
Read More
ചത്തിസ്ഗഢിലെ റായ്പുരിൽ ഈ മാസം 24 മുതൽ ആരംഭിക്കുന്ന നാലുദിവസത്തെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര എന്നിവയ്ക്കു ശേഷം 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണിത്. പ്ലീനറി സമ്മേളനത്തിന്റെ 21 അംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ദേശീയ നേതൃത്വം തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റിയിൽ പരിഗണിക്കുമോ എന്നതിൽ വ്യക്തയുണ്ടായിട്ടില്ല. കേരളത്തിൽനിന്നുള്ള ചില എം.പിമാർ ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതോടുള്ള അന്തിമ നിലപാട് അറിയാനിരിക്കുന്നേയുള്ളൂ. കേരളത്തിൽനിന്ന് നിലവിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും കൂടാതെ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ അടക്കം മൂന്നുപേരാണ് നിലവിൽ വർക്കിംഗ് കമ്മിറ്റിയിൽ ഉള്ളത്. ഇതിൽ ഉമ്മൻചാണ്ടിയും ആന്റണിയും മാറിനിന്ന് രമേശ് ചെന്നിത്തലയും ശശി തരൂരും പകരക്കാരായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ചെന്നിത്തലയുടെ വരവിന് തടസ്സങ്ങളില്ലെങ്കിലും തരൂരിന് ദേശീയ-സംസ്ഥാന നേതൃനിരയിലെ ചിലർക്കുള്ള തടസ്സവാദങ്ങളാണ് വില്ലൻ. എന്നാൽ നെഹ്‌റു കുടുംബത്തിന് തരൂരിന്റെ വരവിൽ വിയോജിപ്പില്ലാത്ത സ്ഥിതിക്ക് തരൂരിന്റെ വഴികൾ പൂർണമായും അടഞ്ഞുവെന്ന് വിലയിരുത്താനാകാത്ത സ്ഥിതിയാണ്. എന്തായാലും വരുംനാളുകളിൽ നിർണായകമായ ആ തീരുമാനത്തിന് കാതോർക്കുകയാണ് രാഷ്ട്രീയ ഇന്ത്യ.