കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നല്‍കണമെന്ന് എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ 12 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്‌തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതി നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്.
കരാറിന് ചുക്കാന്‍ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കമ്മീഷന്‍ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ എന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)