കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്നും ഇ.ഡി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവായെന്ന് ഇഡി വ്യക്തമാക്കി. അറസ്റ്റിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എം ശിവശങ്കറിനെ വീണ്ടും ഇ ഡി ഓഫീസില്‍ എത്തിച്ചു. വിശദമായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലെത്തിക്കൂ.
ശിവശങ്കറിനെ കൂടാതെ തിരുവനന്തപുരം സ്വദേശി യദൃകൃഷ്ണയെയും ഇ.ഡി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്ക് മൂന്ന് ലക്ഷം കോഴ ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.