Sorry, you need to enable JavaScript to visit this website.

ശിഷ്യനു പിറകെ ആശാനും അകത്തേക്ക്; പിണറായിയുടെ നുണകൾ ചീട്ടുകൊട്ടാരം കണക്കേ തകർന്നുവെന്ന് കെ സുധാകരൻ

- പിണറായി സർക്കാരിന്റെ​ അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്കു കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നും വിമർശം.
    
തിരുവനന്തപുരം -
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതതോടെ, പിണറായി വിജയൻ ഇക്കാലമത്രയും പടുത്തുയർത്തിയ നുണകളെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണത്തിനെതിരേ പിണറായി സർക്കാർ നല്കിയ അപ്പീൽ പിൻവലിക്കാൻ ധൈര്യമുണ്ടെങ്കിൽ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല. കള്ളപ്പണ ഇടപാട്, ഡോളർക്കടത്ത്, സ്വർണക്കടത്ത് എന്നിവയിൽ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സർവീസിൽ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെയും വിരമിക്കാനും കളമൊരുക്കി. എന്തിനേറെ, ഉദ്യോഗസ്ഥർക്ക് പുസ്തക രചന നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കാറ്റിൽപ്പറത്തി അതിനെ ന്യായീകരിച്ചും സ്തുതിച്ചും വേഷംകെട്ടാനും പിണറായി 'മഹാമനസ്‌കത' കാണിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് വിജിലൻസ് നടത്തിയ അന്വേഷണത്തെ സർക്കാർ അട്ടിമറിച്ചു. ചില നിർണായക കണ്ടെത്തലുകൾ നടത്തിയ അന്വേഷണസംഘത്തെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സി.ബി.ഐ എത്തുംമുമ്പേ തിടുക്കത്തിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകളെല്ലാം പിടിച്ചെടുത്തു. 
 മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്കു കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അന്വേഷണ ഏജന്‌സികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു. കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ യു.എ.ഇ റെഡ്ക്രസന്റ് വഴി ലഭിച്ച പണത്തിൽ നിന്ന് കോടികളാണ് ഉന്നതരടക്കം പലർക്കും പങ്കുവച്ചത്. ഇതു സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനെതിരേ സർക്കാർ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ലക്ഷങ്ങൾ മുടക്കി മുൻനിര അഭിഭാഷകരെ നിയോഗിച്ചു. കോഴപ്പണം ഡോളറാക്കി കടത്തിയതിനാൽ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരേയും പിണറായി സർക്കാർ രംഗത്തുവന്നു. സി.പി.എം-ബി.ജെ.പി ധാരണ നിലനിൽക്കുന്നതിനാലാണ് സി.ബി.ഐ അന്വേഷണം തടസപ്പെട്ടതെന്നും കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു.

Latest News