ആലപ്പുഴ- ജില്ലയിലെ സി പി എമ്മിനെ പിടിച്ചുലച്ച അശ്ലീല വീഡിയോ വിവാദത്തില്‍ പാര്‍ട്ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കി പരാതിക്കാരി രംഗത്ത്. പാര്‍ട്ടി നടപടി നേരിട്ട സി പി എം ഏരിയാ കമ്മറ്റിയംഗമായിരുന്ന എ പി സോണയും താനുമായുള്ളത് ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ്. പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതിയില്‍ തനിക്ക് പണം നല്‍കാനുള്ള കാര്യം മാത്രമാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ നഗ്‌നദൃശ്യ പരാമര്‍ശം സി പി എം നേതാക്കള്‍ തന്റെ പരാതിയില്‍ എഴുതിച്ചേര്‍ത്തതാണെന്നും പരാതിക്കാരി ആലപ്പുഴ പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സോണയുടെ രണ്ട് സഹോദരിമാര്‍ക്കൊപ്പമാണ് ഇവര്‍ പത്രസമ്മേളനം നടത്തിയത്. സി പി എം ഏരിയാ കമ്മറ്റിയംഗമായിരുന്ന എ പി സോണയുടെ ഫോണില്‍നിന്ന് അശ്ലീല വീഡിയോകള്‍ കണ്ടെടുത്തതിന്റെ പേരില്‍ പാര്‍ട്ടി നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അട്ടിമറിയാണെന്നും പരാതിക്കാരി പറഞ്ഞു. സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ ശരിയല്ല. തന്നെ ഒരു വക്കീലിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയില്ല. തനിക്ക് കിട്ടാനുള്ള പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് സി പി എം പ്രാദേശിക നേതാക്കളായ മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി ആരോപിച്ചു. തന്റെ കുട്ടിയെക്കൊണ്ട് പരാതി എഴുതി വാങ്ങിച്ചു. അത് വായിച്ചു നോക്കിയിരുന്നില്ല. ഉപദ്രവിച്ചെന്ന രീതിയിലുള്ള പരാതി വിഷ്ണുവും മറ്റും എഴുതി ചേര്‍ത്തതാണ്. കുട്ടിക്കാലം മുതല്‍ അറിയാവുന്ന നാട്ടുകാരായതിനാലാണ് സോണ വാങ്ങിയ 1.50 ലക്ഷം രൂപ തിരികെ കിട്ടാന്‍ അവരെ സമീപിച്ചത്. പണത്തിന്റെ കാര്യം മാത്രം എഴുതിയാല്‍ പണം കിട്ടില്ലെന്നും വിഷ്ണുവും സംഘവും പറഞ്ഞുവെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പുറത്താക്കും മുന്‍പ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാര്‍ ആരോപിച്ചു. വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പോലീസിനും പാര്‍ട്ടിക്കും പരാതി നല്‍കുമെന്നും സഹോദിമാര്‍ അറിയിച്ചു.നഗ്‌നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പാര്‍ട്ടിയില്‍ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി ആര്‍.നാസറിനും നല്‍കിയ പരാതി പിന്‍വലിച്ചതായും പരാതിക്കാരി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)