തുടർച്ചയായ പരാജയങ്ങളിൽനിന്ന് കരകയറാനുള്ള തത്രപ്പാടിലാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായ അക്ഷയ് കുമാർ. കുറച്ചു കാലമായി താരത്തിന്റെ സിനിമകളെല്ലാം അമ്പേ പരാജയമാണ്. എന്നിട്ടും പ്രതിഫലം കുറക്കാൻ അക്ഷയ് കുമാർ തയാറായിട്ടില്ല. 50 കോടിയും 100 കോടിയുമൊക്കെയാണ് ഓരോ ചിത്രത്തിനും താരം വാങ്ങുന്നത്.
ഈയടുത്ത് റിലീസ് ചെയ്ത താരത്തിന്റെ മൂന്ന് സിനിമകളും വൻ സാമ്പത്തിക പരാജയമായി. ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ എന്നിവയായിരുന്നു അത്. ഇതിൽ രക്ഷാബന്ധൻ അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറി.
വൻവിജയം നേടിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളിൽ അഭിനയിച്ച് തിരിച്ചുവരവ് നടത്താനുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമവും പരാജയപ്പെട്ടു.
തെന്നിന്ത്യൻ സിനിമ ലോകത്ത് തരംഗമായി മാറിയ രാക്ഷസൻ എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് ആയ കട്പുത്‌ലി ആയിരുന്നു ആ പരീക്ഷണം.
തിയേറ്ററിൽ റിലീസ് ചെയ്യുന്ന അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയത് കൊണ്ടാവാം ഭാഗ്യ പരീക്ഷണമെന്നോണം കട്പുത്‌ലി എത്തിയത് ഒ.ടി.ടിയിലായിരുന്നു. എന്നാൽ അവിടെയും രക്ഷയില്ല.
തിയേറ്ററിലായിരുന്നെങ്കിൽ നിർത്താതെ കൂവൽ കിട്ടുമായിരുന്ന കട്പുത്‌ലി സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇരയായി. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ നേരിട്ട് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളിൽ ഏറ്റവും കുറവ് ആളുകൾ കണ്ട സിനിമ എന്ന പരിഹാസവും രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിനുണ്ടായി.
ഏറ്റവുമൊടുവിൽ അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് ദീപാവലി റിലീസായ രാംസേതു. അഭിഷേക് ശർമ സംവിധാനം ചെയ്ത ഈ ആക്ഷൻ അഡ്വഞ്ചർ സിനിമയ്ക്കും ബോക്‌സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
അതോടെ മറ്റൊരു പരീക്ഷണത്തിന് തയാറെടുക്കുകയാണ് അക്ഷയ് കുമാർ. മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കായ സെൽഫിയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം.
മലയാളത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. ബോളിവുഡിൽ എത്തുമ്പോൾ പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാൻ ഹാഷ്മിയും ആണ് ചെയ്തിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. സെൽഫിയിലൂടെയെങ്കിലും തിരിച്ചുവരവിന് കഴിയുമോ എന്ന പ്രതീക്ഷയിലാണ് അക്ഷയ് കുമാർ. ഇതും പരാജയപ്പെട്ടാൽ അക്ഷയ് കുമാറിന്റെ താരപദവിക്ക് വലിയ തോതിൽ ഇളക്കം തട്ടും.