19 ദിവസം കൊണ്ട് 960 കോടി കളക്ട് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആയിരം കോടിയെന്ന നാഴികക്കല്ലിന് തൊട്ടടുത്ത്. ചിത്രത്തിന്റെ ഗ്ലോബൽ കളക്ഷന്റെ കണക്കാണിത്. റിലീസിന്റെ പതിനേഴാം ദിനത്തിൽ പഠാന്റെ ആഗോള കളക്ഷൻ 900 കോടി കടന്നതായി വിതരണക്കാരായ യാഷ് രാജ് ഫിലിംസ് അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ചിത്രം 1000 തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 19ാം ദിവസമായതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 493 കോടി കടന്നു.
ഹിന്ദുത്വ സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനം ഉണ്ടായിട്ടും ജനുവരി 25ന് റിലീസ് ചെയ്ത പഠാനെ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചിത്രം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായിക. ജോൺ എബ്രഹാം വില്ലനായെത്തുന്ന പഠാനിൽ സൽമാൻ ഖാൻ അതിഥി വേഷത്തിലുമെത്തി.