ബാഹുബലി ഹീറോ പ്രഭാസും പൃഥ്വിരാജും ഒരുമിക്കുന്നു. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ സലാർ സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി വലിയ കാൻവാസിൽ ഒരുക്കുന്ന സലാറിന് രണ്ട് ഭാഗങ്ങളുണ്ടാവുമെന്ന വിവരവും പുറത്തുവന്നു. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയായേക്കും.
ചിത്രത്തിന്റെ ആദ്യ ഭാഗമാണ് സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ, കെ.ജി.എഫ് പോലെ സലാറിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാവില്ല. ഒന്നാം ഭാഗം ഇറങ്ങിയശേഷം ജൂനിയർ എൻ.ടി.ആർ നായകനാവുന്ന ചിത്രം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നുണ്ട്. അതിന് ശേഷമാവും സലാറിന്റെ രണ്ടാം ഭാഗം.
വരദരാജ മന്നാർ എന്ന വില്ലൻ സ്വഭാവത്തിലുള്ള കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങൾ അണിഞ്ഞ് ഒരു വില്ലൻ ഛായയിലെത്തിയ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഭുവൻ ഗൗഡ ഛായാഗ്രഹണവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഗീതം രവി ബസ്‌രൂർ. അതേസമയം, ആദിപുരുഷ് ആണ് പ്രഭാസിന്റെ അടുത്ത റിലീസ്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രാമായണ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 16ന് റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.