റിയാദ്- പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മേലെ വീട്ടില്‍ വേണുഗോപാല പിള്ള (68) റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായി. നാടുമായും വീടുമായും ബന്ധപ്പെടാതെ കഴിഞ്ഞിരുന്ന വേണുഗോപാല പിള്ളക്കായി കുടുംബം ഏറെ കാലം അന്വേഷണം നടത്തിയെങ്കിലും അസുഖം ബാധിച്ചതിനുശേഷം മാത്രമാണ് ഇദ്ദേഹം കുടുംബവുമായി ബന്ധപ്പെടാന്‍ തയാറായത്.
നാട്ടില്‍ തുടര്‍ ചികിത്സക്ക് സൗകര്യമൊരുക്കി യാത്രക്കൊരുങ്ങിയപ്പോഴാണ് വീണ്ടും ആശുപത്രിയിലായത്. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 10 ലക്ഷത്തോളം റിയാലിന്റെ ചികിത്സയാണ് കഴിഞ്ഞ മാസങ്ങളില്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ നടത്തിയത്.
1979 മുതല്‍ പ്രവാസിയായിരുന്ന ഇദ്ദേഹം 2008ല്‍ നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. ബന്ധുക്കള്‍ ഇദ്ദേഹത്തെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. 2019ല്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയും കുടുംബം അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന് ഇവരുടെ ബന്ധുവും റിയാദിലെ സാമൂഹിക പ്രവര്‍ത്തകയുമായ വല്ലി ജോസ് നടത്തിയ അന്വേഷണത്തില്‍ റിയാദിലെ ഖാദിസിയ മഹ്‌റദില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷിക്കുന്നയാള്‍ താനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്ന.
പിന്നീട് വാര്‍ദ്ധക്യസഹചമായ അസുഖത്തോടൊപ്പം ഉദരാര്‍ബുദവും പിടികൂടി അവശനായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്‌പോണ്‍സര്‍ വല്ലി ജോസിനെ ബന്ധപ്പെട്ട ശേഷം ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു ശസ്ത്രക്രിയ നടത്തി. നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ തടസ്സപ്പെട്ടു. തുടര്‍ന്ന്
ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ എം.ആര്‍. സജീവിന്റെ ഇടപെടല്‍ രേഖകള്‍ ലഭ്യമാക്കാന്‍ സഹായിച്ചു.
അജിത പിള്ളയാണ് ഭാര്യ. മക്കള്‍: ബിനു പിള്ള, ജിഷ്ണുപിള്ള. ഡിസംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ റിയാദിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)