കോഴിക്കോട്- ആര്.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നു എന്ന തരത്തില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ആരിഫലി. ആര്.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മില്‍ ചര്‍ച്ച നടത്തി എന്നത് ശരിയാണെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ദാറുല്‍ ഉലൂം ദയൂബന്ത്,അജ്മീര്‍ ദര്‍ഗ,ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്.എസ്.എസ് മുന്‍കയ്യെടുത്ത് പ്രമുഖരായ മുന്‍ ബ്യൂറോക്രാറ്റുകള്‍ വഴിയാണ് ചര്‍ച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചര്‍ച്ചയെ സംബന്ധിച്ച് നേരത്തെ വാര്‍ത്ത വരികയും തദ്സംബന്ധമായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.
നജീബ് ജംഗ്, സയിദ് ഷര്‍വാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആര്.എസ്.എസ് നിര്‍ദേശാനുസാരം ചര്‍ച്ചക്ക് മുന്‍കയ്യെടുത്തതും ഓരോ മുസ്ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിന്റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകള്‍ ഈ നാലു പേരുടെ മുന്നിലാണ് വെച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും.
ഇന്ത്യന്‍ മുസ്ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ആര്.എസ്.എസിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണമെന്നാണ് മുസ്ലിം സംഘടനാ നേതാക്കള്‍ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങള്‍ക്കുമൊപ്പം തന്നെ സംവാദങ്ങളും ചര്‍ച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. തുടര്‍ന്ന് ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുന്‍കൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേള്‍ക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചര്‍ച്ച ഒരു പൊതു തീരുമാനത്തിലെത്തിയാല്‍ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് ചര്‍ച്ച പ്രവേശിക്കുകയും പൊതുധാരണയില്‍ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികള്‍ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.
രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ആര്.എസ്.എസുമായി ചര്‍ച്ച നടത്താമെന്ന് മുസ്ലിം സംഘടനകള്‍ തീരുമാനിച്ചത്.
ഒന്ന്, ആര്.എസ്.എസ് ഉയര്‍ത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആള്‍കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആര്.എസ്.എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്. രണ്ട്, ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആര്.എസ്.എസ് ആണ്.
മുസ്ലിംകള് രണ്ടാംതരം പൗരന്മാരാണെന്ന മോഹന്‍ ഭവഗതിന്റെ പരാമര്‍ശം, ആള്‍ക്കൂട്ടക്കൊല, വിദ്വോഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കണമെന്ന് മുസ്ലിം സംഘടനകള്‍ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.
അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേര് നടത്തിയത് രഹസ്യ ചര്‍ച്ച ആയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കള്‍ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങള്‍ ദുരുദ്ദേശപരവും അപലപനീയവുമാണ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)