ബെംഗളൂരു- കർണാടകയിലെ ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസർ മുബീനയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതി, 14 വയസ്സായ മകൾക്കൊപ്പം നഞ്ചപ്പ സർക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസർ. മകൾ സ്കൂളിലായിരുന്നതിനാൽ കൗസർ വീട്ടിൽ തനിച്ചായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ കൗസർ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു.
കൗസറിനെ പരിചയമുള്ളയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും ബെംഗളൂരു സെൻട്രൽ ഡപ്യൂട്ടി കമ്മിഷണർ ആർ. ശ്രീനിവാസ് ഗൗഡ പറഞ്ഞു.
അതേസമയം, കൗസറും മുൻ ഭർത്താവ് വസീം പാഷയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നിൽ ഇയാളാണെന്ന് സംശയിക്കുന്നതായും കൗസറിന്റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.