Sorry, you need to enable JavaScript to visit this website.

വിമര്‍ശിച്ചത് നയന്‍താരയെ അല്ല, ലേഡി സൂപ്പര്‍ സ്റ്റാറിനെ; വിശദീകരണവുമായി മാളവിക

കൊച്ചി- ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗത്തെ വിമര്‍ശിച്ചതിനെ നയന്‍താരയുമായി ബന്ധപ്പെടുത്തി വിവാദമാക്കിയത് ശരിയായില്ലെന്ന് നടി മാളവികാ മോഹനന്‍. യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ അവര്‍ നടത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ പരാമര്‍ശം വിവാദമായിരുന്നു. നായികമാരെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന മാളവികയുടെ പരാമര്‍ശമാണ് നയന്‍താരയുടെ ആരാധകര്‍ വിവാദമാക്കിയിരുന്നത്. നയന്‍താരയെ മാത്രമായി വിമര്‍ശിക്കുകയായിരുന്നില്ല താനെന്ന് മാളവിക ട്വീറ്റ് ചെയ്തു.

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗത്തിനെതിരെ പ്രതികരിച്ചിരുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ഈ സംഭാഷണശകലത്തെ നയന്‍താരയുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തിയത്.
തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടനെക്കുറിച്ചല്ലെന്ന് അവര്‍ വ്യക്തമാക്കി. 'ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു. എല്ലാവര്‍ക്കും കുറച്ച് അടങ്ങാം- മാളവിക പറഞ്ഞു.

 

Latest News