Sorry, you need to enable JavaScript to visit this website.

കോടതി പ്രോസിക്യൂഷനെ മാനം കെടുത്തി; പോലീസിന്റെ ഹരജിയില്‍ ഷര്‍ജീല്‍ ഇമാമിനും മറ്റും നോട്ടീസ്

ന്യൂദല്‍ഹി- 2019ലെ ജാമിഅ നഗര്‍ അക്രമക്കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ ദല്‍ഹി പോലീസ് നല്‍കിയ ഹരജിയില്‍  വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ ഷര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങിയവര്‍ക്ക്  ഹൈക്കോടതി നോട്ടീസയച്ചു. കേസ് മാര്‍ച്ച് 16ന് വീണ്ടും പരിഗണിക്കും.
ദല്‍ഹി പോലീസിന്റെ ഹരജിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയാണ് ഷര്‍ജീല്‍ ഇമാമിനും മറ്റും നോട്ടീസ് അയച്ചത്. കീഴ്‌ക്കോടതിയുടെ നിരീക്ഷണങ്ങള്‍  വിചാരണയെയോ തുടരന്വേഷണത്തെയോ ബാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഷര്‍ജീല്‍ ഇമാമും തന്‍ഹയും ഉള്‍പ്പെടെ 11 പേരെ വിട്ടയച്ചുകൊണ്ട് ഈ മാസം നാലിനാണ് വിചാരണ കോടതി ഉത്തരവിട്ടത്. വിദ്യാര്‍ഥി പ്രവര്‍ത്തകരെ  പോലീസ് ബലിയാടുകളാക്കിയെന്നും അടച്ചമര്‍ത്തല്‍ പാടില്ലെന്നും വിയോജിപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2019 ഡിസംബറില്‍ ജാമിഅ നഗര്‍ പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ചവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നത്.
വിചാരണക്കോടതി പ്രതികളെ വെറുതെ വിടുക മാത്രമല്ല  പ്രോസിക്യൂഷന്‍ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തുകയും പ്രോസിക്യൂട്ടിംഗ് ഏജന്‍സിക്കെതിരെ ഗുരുതരമായ മുന്‍വിധികളും പ്രതികള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് ദല്‍ഹി പോലീസ് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2019 ഡിസംബര്‍ 13ന് ജാമിഅ മിലിയ സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് പ്രേരിപ്പിച്ചതായി ഷര്‍ജീല്‍ ഇമാമിനെതിരെ പോലീസ് കുറ്റം ആരോപിച്ചിരുന്നു. 2020ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കേസിലും പ്രതിയായതിനാല്‍ ഷര്‍ജീല്‍ ഇമാം ജയിലില്‍ തുടരുകയാണ്. സംഭവസ്ഥലത്ത് നിരവധി പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നുവെന്നും ജനക്കൂട്ടത്തിലെ ചില സാമൂഹിക വിരുദ്ധര്‍ കുഴപ്പം സൃഷ്ടിച്ചതാകാമെന്നും വിചാരണ കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
11 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി, പ്രതികളിലൊരാളായ മുഹമ്മദ് ഇല്യാസിനെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടിരുന്നു. ഇമാം, തന്‍ഹ, സഫൂറ സര്‍ഗര്‍, മുഹമ്മദ് കാസിം, മഹമൂദ് അന്‍വര്‍, ഷഹസര്‍ റസാ ഖാന്‍, മുഹമ്മദ് അബുസാര്‍, മുഹമ്മദ് ഷോയിബ്, ഉമൈര്‍ അഹമ്മദ്, ബിലാല്‍ നദീം, ചന്ദാ യാദവ്, മുഹമ്മദ് ഇല്യാസ് എന്നിവര്‍ക്കെതിരെയാണ് ജാമിഅ നഗര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News