ഒടുവില്‍ പ്രസവവും ഓണ്‍ലൈനിലായി, ഇന്ത്യയില്‍ ഗര്‍ഭിണിക്ക് വാട്ട്സ്ആപ്പിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍

ജമ്മു : വന്ന് വന്ന് ഒടുവില്‍ പ്രസവവും ഓണ്‍ലൈനിലായി. ഗര്‍ഭിണിക്ക് വാട്ട്സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കിയിരിക്കുകയാണ്  ജമ്മു കാശ്മീരിലെ ഒരു ഡോക്ടര്‍. കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ നേരിട്ട ഗര്‍ഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നില്ല.  വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവവേദ അനുഭവപ്പെട്ട യുവതിയെ കേരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ യുവതി നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ പ്രസവ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കേരന്‍ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
വായു മാര്‍ഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയൂ. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇതോടെ ബദല്‍ മാര്‍ഗം തേടാന്‍ കേരന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ടീം നിര്‍ബന്ധിതരായി. ഇതോടെ ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ് വാട്ട്സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. കേരന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. അര്‍ഷാദ് സോഫിക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ഡോ. പര്‍വേസ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കി. നിലവില്‍ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും സുഖമായി ഇരിക്കുന്നതായും ക്രാള്‍പോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News