ഗയ- ബീഹാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ യുവതി വെന്തുമരിച്ചു. ബിഹാറിലെ ഗയ ജില്ലയില്‍ തികരികുര്‍ത്തയ്ക്ക് റോഡില്‍ കൈലാസ് മഠ് ഗ്രാമത്തിന് സമീപമായിരുന്നു അപകടം.
തികരിയിലെ മൗ ഗ്രാമത്തില്‍ രാംകുമാറിന്റെ ഭാര്യ സംഗീത ദേവിയാണ് മരിച്ചത്. ജീവന്‍ പണയംവെച്ച് ഭാര്യയെ രക്ഷിക്കാന്‍ രാംകുമാര്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്ന തീനാളങ്ങള്‍ക്ക് മുന്നില്‍ എല്ലാ ശ്രമങ്ങളും വിഫലമായി. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കാര്‍ ഗയയില്‍ നിന്ന് തികരികുര്‍ത്ത റോഡ് വഴി മൗവിലേക്ക് പോവുകയായിരുന്നു. കൈലാസ് മഠിന് സമീപം കലുങ്കില്‍ നിന്ന് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് വീണ കാറിന് ഉടന്‍ തീപിടിച്ചു. കാര്‍ ഓടിച്ചിരുന്ന രാം കുമാര്‍ ഒരു വിധത്തില്‍ പുറത്തിറങ്ങിയെങ്കിലും സംഗീത കാറിനുള്ളില്‍ അകപ്പെട്ടു. വാതില്‍ ലോക്ക് തുറക്കാനാവാതെ നിലവിളിച്ച ഭാര്യയെ ചില്ല് തകര്‍ത്ത് രക്ഷിക്കാന്‍ രാംകുമാര്‍ ശ്രമിച്ചെങ്കിലും തീയും കനത്ത പുകയും ഉയര്‍ന്നതോടെ സാധിച്ചില്ല.
ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. തികരിയില്‍ നിന്ന് ഫയര്‍ എഞ്ചിന്‍ എത്തി തീയണച്ചപ്പോള്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് ബാക്കിയുണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി തികരി പോലീസ് ഓഫിസര്‍ ശ്രീറാം ചൗധരി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)