ജയ്പൂർ - രാജസ്ഥാനിൽ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ടിന് പിണഞ്ഞത്
വൻ അബദ്ധം. നിയമസഭയിലെ ബജറ്റ് പ്രസംഗത്തിൽ മുൻവർഷത്തെ അതേ ബജറ്റ് തന്നെ വീണ്ടും വായിക്കുകയായിരുന്നു ധനകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവും രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ സ്തംഭിച്ചു.
ക്രമസമാധാനം പാലിക്കാൻ സ്പീക്കർ സി.പി ജോഷി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും ബഹളം തുടരുകയായിരുന്നു.
എട്ടുമിനുട്ടിന് ശേഷമാണ് മുഖ്യമന്ത്രിക്ക് അബദ്ധം മനസ്സിലായത്. അതുവരേയും കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റ് തേടി പോവുകയും ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നല്കുകയുമായിരുന്നു. എന്നാൽ പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. മുഖ്യമന്ത്രിയാണ് ബജറ്റ് കൊണ്ടുവരേണ്ടത്. ബജറ്റ് ചോർന്നതിനാൽ ഈ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് ഗട്ടാരിയ സഭയിൽ വ്യക്തമാക്കി.
ശക്തമായ ബഹളത്തിലും സ്പീക്കർ സഭ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി എം.എഎൽ.മാർ പ്രതിഷേധം തുടർന്നതോടെ സഭ അരമണിക്കൂർ നിർത്തിവെച്ചു. തുടർന്ന് സഭ സമ്മേളിച്ചപ്പോഴും ബി.ജെ.പി എം.എൽ.എ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ഗെഹലോട്ട് സർക്കാറിന്റെ 2023ലെ സമ്പൂർ ബജറ്റ് പ്രസംഗമാണ് തീർത്തും നിരുത്തരവാദപരമായ സമീപനം കാരണം പ്രതിപക്ഷത്തിന് ആയുധമായത്. അടുത്ത വർഷമാണ് രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ അബദ്ധം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. 'എട്ട് മിനിറ്റോളം മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചു. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ, ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഞാൻ ആവർത്തിച്ച് പരിശോധിക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു. പഴയ ബജറ്റ് വായിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ കയ്യിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്ന്' ബി.ജെ.പി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ് സിന്ധ്യ പ്രതികരിച്ചു. 'ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന രാജസ്ഥാൻ മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത് ലജ്ജാകരമാണെ'ന്ന് ബി.ജെ.പി ഐ.ടി സെല്ലിന്റെ ദേശീയ തലവൻ അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഭരണകാര്യങ്ങളിൽ കോൺഗ്രസ് എത്രമാത്രം നിരുത്തരവാദപരാമായാണ് ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചതാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. ബജറ്റ് ചോര്‍ന്നുവെന്നത് പ്രതിപക്ഷത്തിന്റെ ഭാവനയാണ്. വിലകുറഞ്ഞ രാഷ്ട്രീയക്കളിയില്‍ ബജറ്റ് ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)