കൊച്ചി- മോഹന്‍ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു. മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ സ്ഫടികം 4 കെ ഫോര്‍മാറ്റിലാണ് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. പുനര്‍നിര്‍മ്മിച്ച പതിപ്പില്‍ ചില പുതിയ രംഗങ്ങളുണ്ട്. ഇത് മോഹന്‍ലാല്‍ ആരാധകരെ കൂടുതല്‍ ആവേശഭരിതമാക്കിയിട്ടുണ്ട്. പഴയ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ എട്ടര മിനിറ്റ് കൂടുതലുണ്ട്.
1995ല്‍ പുറത്തിറങ്ങിയ സ്ഫടികം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും പിന്നീട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറുകയും ചെയ്തിരുന്നു. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇറങ്ങി.
മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പിന് യഥാര്‍ത്ഥ ചിത്രത്തേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു. 4ഡി സ്ഫടികത്തില്‍ കുറച്ച് ഷോട്ടുകള്‍ അധികം ചേര്‍ത്തിട്ടുണ്ട്. സാങ്കേതിക നവീകരണത്തിന് പുറമെ, മോഹന്‍ലാലിന്റെ ആടു തോമ എന്ന കഥാപാത്രത്തിന്റെ എന്‍ട്രി 500 ആടുകളെ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സിനിമയില്‍ 40 ആടുകള്‍ മാത്രമാണുണ്ടായിരുന്നത്.
തിലകന്‍, സില്‍ക്ക് സ്മിത, രാജന്‍ പി. ദേവ്, കെ. പി. എ. സി. ലളിത, നെടുമുടി വേണു, കരമന ജനാര്‍ദ്ദനന്‍ നായര്‍, എന്‍. എഫ് വര്‍ഗ്ഗീസ് തുടങ്ങി സ്ഫടികത്തില്‍ അഭിനയിച്ച വലിയ താരനിര ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നതെന്നാണ് സംവിധായകന്‍ ഭദ്രന്‍ അവകാശപ്പെടുന്നത്. തിയേറ്റര്‍ അനുഭവം ലഭിക്കേണ്ടുന്ന സിനിമ എന്നതിനാല്‍ മൂന്നു വര്‍ഷത്തേക്കെങ്കിലും സ്ഫടികത്തിന്റെ ഒ. ടി. ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും ഭദ്രന്‍ അറിയിച്ചു.
1995ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചോര കുടിക്കുകയും തുണിയില്‍ കല്ലുകെട്ടി അടിക്കുകയും ചെയ്യുന്ന ആടുതോമ അക്കാലത്തെ ഹിറ്റായിരുന്നു. ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നു കരുതുന്ന അച്ഛനെ എതിര്‍ക്കാന്‍ ചെകുത്താന്‍ ലോറിയില്‍ സഞ്ചരിക്കുന്ന ആടുതോമ മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ടതാരമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)