Sorry, you need to enable JavaScript to visit this website.

വിധവയായതിനാല്‍ സഹായം കിട്ടുമെന്ന് പറഞ്ഞ് പാവം വൃദ്ധയെ പറ്റിച്ചു, സ്വര്‍ണ്ണ കമ്മല്‍ ഊരിവാങ്ങി

ആലപ്പുഴ: സാമ്പത്തിക സഹായം എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് പാവം വൃദ്ധയില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങി. ആലപ്പുഴ ബസ് സ്റ്റാന്‍ഡിലാണ് പട്ടാപ്പകല്‍ സംഭവം നടന്നത്. തട്ടിപ്പിനിരയായ വിധവയായ വൃദ്ധയെക്കൊണ്ട് ബസ് ജീവനക്കാര്‍ പോലിസില്‍ പരാതി കൊടുപ്പിച്ചു.  മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ആപ്പൂര്‍ വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പെന്‍ഷന്‍ ആവശ്യത്തിന് കയര്‍തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ പോയി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയില്‍ നിന്ന് വിധവകള്‍ക്കുള്ള സാമ്പത്തിക സഹായം ഏര്‍പ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഷെരീഫയെ സമീപിച്ചത്. പ്രോത്സാഹനവുമായി മറ്റൊരാളും കൂടെയുണ്ടായിരുന്നു. വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവര്‍ വയോധികയെ സമീപിച്ചത്.
രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാന്‍ വൈകുന്നേരം 3.30നകം 8,000 രൂപ അയച്ചുനല്‍കണമെന്ന് യുവാവ് ധരിപ്പിച്ചു. പിന്നീട് പണയം വെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാന്‍ ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്‍പവനോളം വരുന്ന കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പണം വാങ്ങാന്‍ സ്റ്റാന്‍ഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസില്‍ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. വയോധിക പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തി ഏറെനേരം കാത്തിരുന്നു. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ചിലര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഷെരീഫ വിവരങ്ങള്‍ പറഞ്ഞത്. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 


 

 

Latest News