മലപ്പുറം-മലപ്പുറം പോലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് പ്രൊഫൈല്‍ നിര്‍മിച്ച് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വൗച്ചറിനായുള്ള വ്യാജ ലിങ്കുകള്‍ അയച്ചുകൊടുത്ത് പണം തട്ടിയ സംഘാംഗം അറസ്റ്റില്‍. ബീഹാര്‍ സ്വദേശി സിക്കന്ദര്‍ സാദാ(31) ആണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍ നിന്നു മലപ്പുറം സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. 2022 സെപ്തംബറിലായിരുന്നു സംഭവം.
മലപ്പുറം എസ്.പി എസ്. സുജിത്ദാസിന്റെ യൂണിഫോമിലുള്ള ഫോട്ടോ വച്ച് വ്യാജ വാട്‌സ് ആപ്പ് പ്രൊഫൈല്‍
നിര്‍മിച്ച പ്രതി പോലീസ് മേധാവിയുടേതായ നിര്‍ദേശങ്ങളും സാധാരണക്കാര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങളും അയച്ചു കൊടുത്തിരുന്നു. ഔദ്യോഗിക നമ്പറില്‍ നിന്നല്ലാത്ത സന്ദേശങ്ങള്‍ വന്നതോടെ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയിരുന്നു. ഇതിനിടെ തട്ടിപ്പിനിരയായ സാധാരണക്കാരായ ചിലര്‍ പരാതി നല്‍കിയതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇതോടെ
മുങ്ങിയ പ്രതികളെ പോലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്നു ജമ്മുകശ്മീര്‍ മുതല്‍ കര്‍ണാടക വരെയുള്ള പ്രാദേശിക മേല്‍വിലാസത്തില്‍ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് വീണ്ടും തട്ടിപ്പിനായി കര്‍ണാടക ഉഡുപ്പി സിദ്ധാപ്പുര കേന്ദ്രീകരിച്ച് സംഘം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സിദ്ധപുര മുതല്‍ കൊല്ലൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍
മാറിമാറി താമസിക്കുകയായിരുന്ന പ്രതികളെ സിദ്ധാപുര, കുന്ദപുരം, ശങ്കരനാരായണ എന്നീ സ്ഥലങ്ങളില്‍ താമസിച്ച്
അന്വേഷണ സംഘം വലവീശുകയായിരുന്നു. ശങ്കരനാരായണ പോലീസിന്റെയും പ്രദേശത്തെ ടൈല്‍ ഫാക്ടറികളിലും റബര്‍ പ്ലാന്റേഷനുകളിലും ജോലി ചെയ്തുവരുന്ന മലയാളികളുടെ സഹായത്തോടെ, തട്ടിപ്പ് സംഘത്തിലെ ബീഹാര്‍ സ്വദേശിയായ പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി. തട്ടിപ്പിനപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡുകളും
പ്രതിയില്‍ നിന്നു പോലീസ് കണ്ടെത്തി. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു പോലീസിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡി.വൈ.എസ്.പി അബ്ദുള്‍ബഷീറിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അശോക്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)