അങ്കാറ : തുര്‍ക്കി - സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു. മരണ സംഖ്യ ഇനിയും കൂടിയേക്കും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയും അല്ലാതെയും നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹായം തുടരുകയാണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ 7 വിമാനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 150ലധികം രക്ഷാപ്രവര്‍ത്തകരും നൂറില്‍ അധികം ആരോഗ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തുര്‍ക്കി ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ സംഘങ്ങളെ അയക്കാന്‍ തയ്യാറാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. കാണാതായ ബംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്
ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്. മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.ഇസ്താംബുള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ ആയിട്ടില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)