റിയാദ്- അയൽ രാജ്യമായ സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ഭവനരഹിതരും നിരാലംബരുമായി മാറിയ പതിനായിരങ്ങൾക്ക് കാരുണ്യത്തിന്റെ കൈകൾ നീട്ടാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അഭ്യർത്ഥന ഏറ്റെടുത്ത് വിജയിപ്പിക്കാൻ സൗദി ഉന്നത പണ്ഡിത സമിതി രാജ്യത്തെ സ്വദേശികളോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
സഹജീവികളോടുള്ള കാരുണ്യവും അനുകമ്പയും ദൈവിക പ്രീതിക്കു കാരണമാകുന്ന പുണ്യകർമമാണെന്ന് ഉണർത്തി സമിതി ആസ്ഥാനത്തു നിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ ദാനധർമ്മങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. രാജ്യത്തിനു പുറത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സാമ്പത്തിക സഹായങ്ങളും ഏകോപിപ്പിക്കുന്നതിനും അർഹരായവരുടെ കൈകളിലേക്കു മാത്രം എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യാൻ വേണ്ടി സൽമാൻ രാജാവിന്റെ മേൽ നോട്ടത്തിൽ രൂപീകരിച്ച റിലീഫ് ഫോറത്തിനു കീഴിലുള്ള സാഹിം പോർട്ടൽ വഴിയാണ് സാമ്പത്തിക സഹായം നൽകേണ്ടത്.
ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്കും സിറിയയിലേക്കും അവശ്യ വസ്തുക്കളും മരുന്നും മറ്റു സഹായങ്ങളുമെത്തിക്കാൻ സൗദിയിൽ നിന്ന് പ്രത്യേക വിമാന സർവ്വീസ് ശ്യംഖലക്കു തന്നെ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ദേശീയ ധനസമാഹരണ പദ്ധതിക്കും കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.
അതിനിടെ വെള്ളിയാഴ്ചയിലെ ഖുതുബ പ്രഭാഷണത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചും സഹായമെത്തിക്കേണ്ട രീതിയും വിശദീകരിക്കാൻ മതകാര്യ വകുപ്പ് മന്ത്രി അബ്ദുല്ലത്തീഫ് ആലു ശൈഖ് രാജ്യത്തെ പള്ളികളിലെ ഇമാമുമാരോട് നിർദ്ദേശിച്ചു.